
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച നടിയും അവതാരകയുമായ റിനി ആൻ ജോർജിനെ സത്യപ്രതിജ്ഞാ വേദിയിൽ കൂവി ഇരുത്തിയതിൽ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആരേയും അപമാനിക്കരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി സൈബര്‍ ഇടത്തിൽ ഏറ്റവും അധികം അപമാനിക്കപ്പെടുന്നത് വനിതാ മാധ്യമ പ്രവര്‍ത്തകരാണെന്നും അതിന് പിന്നിൽ ആരെന്ന് എല്ലാവര്‍ക്കും അറിയില്ലെ എന്നും ചോദിച്ചു. വി.ഡി സതീശന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ നടി റിനി ആൻ ജോർജിനെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ വളഞ്ഞിട്ട് കൂവിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ റിനിക്ക് പാസ് നൽകിയത് ചോദ്യം ചെയ്തും വലിയ സൈബർ ആക്രമണമാണ് റിനി നേരിട്ടത്.
ജനപ്രതിനിധികൾക്കടക്കം സത്യപ്രതിജ്ഞാ വേദിക്കരികിലേക്ക് എത്താൻ സാധിക്കാത്തിടത്ത് എങ്ങനെയാണ് കോൺഗ്രസിനെതിരെ സംസാരിക്കുന്ന റിനി എത്തിയതെന്നും വിഐപി പരിവേഷത്തോടെ സത്യ പ്രതിജ്ഞാ ചടങ്ങിലെ മുഖ്യാതിഥികളിലൊരാളായ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം ചിത്രം എടുത്തത് എന്നും അണികൾ ചോദിക്കുന്നു. മുഖ്യമന്ത്രി വി ഡി സതീശനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന റിനി മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെതിരെ വിവാദമായ ഓഡിയോ സന്ദേശങ്ങൾ പുറത്ത് വന്നതും പീഡനാരോപണം വലിയ വിവാദമായതും. ഈ സാഹചര്യത്തിലാണ് റിനി സത്യപ്രതിജ്ഞാ ചടങ്ങിലെത്തിയതിന് വിമർശനം രൂക്ഷമാകുന്നത്. അഞ്ചുവർഷം കഴിഞ്ഞ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും ഇറക്കാൻ പോകുന്ന സരിതയാണ് റിനിയെന്നാണ് വിമർശനം.
അതേസമയം തനിക്കെതിരായ വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി താരം രംഗത്ത് വന്നിട്ടുണ്ട്. എന്നെ അവതാരം എന്ന് വിളിച്ചു കളിയാകുന്നവർക്കായി, അതെ ഞാൻ അവതാരം തന്നെയാണ് ദുഷ്ട ശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം ആണെന്ന് റിനി പറയുന്നു. 'ഒരു പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ പോലെയുള്ള പാവനമായ ചടങ്ങിൽ ഒരു പെൺകുട്ടിയെ വളഞ്ഞിട്ടു കൂവി വിളിക്കുകയും ഭീഷണി പെടുത്തുകയും ചെയ്തിട്ടും രക്തം തിളയ്ക്കാത്ത പലർക്കും രേവന്ത് റെഡിയുമായി ഒരു ഫോട്ടോ എടുത്തു എന്ന് കണ്ടപ്പോൾ രക്തം തിളയ്ക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം. ഇങ്ങനെ തന്നെ ആയിരിക്കണം രാഷ്ട്രീയ പ്രവർത്തനം. മാതൃക രാഷ്ട്രീയപ്രവർത്തകർ... എന്നെ അവതാരം എന്ന് വിളിച്ചു കളിയാകുന്നവർക്കായി അതെ ഞാൻ അവതാരം തന്നെയാണ് ദുഷ്ട ശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം'- റിനി ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam