
തിരുവനന്തപുരം: മുൻ സർക്കാരിൻ്റെ സ്വപ്നപദ്ധതിയായിരുന്ന സിൽവർലൈൻ റദ്ദാക്കി മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാനുള്ള പുതിയ സർക്കാരിൻ്റെ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ച് കെ റെയിൽ വിരുദ്ധ സമരസമിതി. പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷമുണ്ടെന്ന് ചെങ്ങന്നൂരിലെ സമരസമിതി നേതാവ് സിന്ധു ജെയിംസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ശാരീരികവും മാനസികവുമായി ഒരുപാട് അനുഭവിച്ചു. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മുൻ മന്ത്രിയുടെ സ്വന്തം ആളുകൾ വീടിന്റെ മുറ്റത്തിട്ട് ഗുണ്ട് പൊട്ടിക്കുമായിരുന്നുവെന്നും അവർ പറഞ്ഞു.
"നിലപാടുകളുടെ രാജകുമാരന് ഞങ്ങളുടെ അഭിവാദ്യങ്ങൾ"- മുഖ്യമന്ത്രി വി ഡി സതീശന് സമരസമിതി പ്രവർത്തകർ മുദ്രാവാക്യം മുഴക്കി അഭിവാദ്യം ചെയ്തു. പദ്ധതി റദ്ദാക്കാനുള്ള തീരുമാനത്തിൽ മാടപ്പള്ളിയിലെ സമരസമിതി പ്രവർത്തകരും സന്തോഷം പ്രകടിപ്പിച്ചു. 'കെ റെയിൽ വരും കേട്ടോ' എന്ന പ്രഖ്യാപനം തങ്ങളുടെ സ്വപ്നങ്ങൾ തകർത്തെറിഞ്ഞിരുന്നുവെന്ന് മാടപ്പള്ളിയിലെ റോസ്‍ലിൻ ഫിലിപ്പ് പറഞ്ഞു. മാടപ്പള്ളിയിൽ നടന്ന സമരത്തിൽ പൊലീസ് റോസ്‍ലിനെ വലിച്ചിഴച്ചുകൊണ്ടുപോകുന്നതിനിടെ മകൾ അമ്മയെ കൊണ്ടുപോകരുതെന്ന് കരഞ്ഞു കേണപേക്ഷിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഒത്തിരി അനുഭവിച്ചുവെന്നും പദ്ധതിക്കെതിരെ കോട്ടയത്തേക്കും തിരുവനന്തപുരത്തേക്ക് ഒരുപാട് തവണ പോയിട്ടുണ്ടെന്നും സമരസമിതി അംഗമായ വയോധിക പറഞ്ഞു. കോട്ടയത്തെ മാടപ്പള്ളി, ആലപ്പുഴയിലെ ചെങ്ങന്നൂർ, മലപ്പുറത്തെ തിരുനാവായ തുടങ്ങിയ ഇടങ്ങളിൽ മഞ്ഞക്കുറ്റി നാട്ടാൻ റവന്യൂ അധികൃതർ എത്തിയപ്പോൾ വൻ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. അതേസമയം സിൽവർലൈൻ റദ്ദാക്കുന്നതായുള്ള മുഖ്യമന്ത്രി വി ഡി സതീശൻ്റെ പ്രഖ്യാപനം സമരസമിതി പ്രവർത്തകർ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷമാക്കി.
ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തിരുവനന്തപുരം - കാസർകോട് സിൽവർലൈൻ പദ്ധതി റദ്ദാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. പദ്ധതിക്കായി ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മുഴുവൻ വിജ്ഞാപനങ്ങളും റദ്ദാക്കാൻ തീരുമാനിച്ചുവെന്നും പദ്ധതിക്ക് വേണ്ടി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് നിർദേശം നൽകിയെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. സിൽവർലൈൻ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ അവയുടെ സ്വഭാവമനുസരിച്ചു പിൻവലിക്കുന്നതിനായി കോടതിയിൽ ശുപാർശ സമർപ്പിക്കുമെന്നും വി ഡി സതീശൻ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam