
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞ് അധിക്ഷേപിച്ച കേസിലെ പ്രതി ചേന്തി അനിലിന്റെ ഫോൺ സ്റ്റേഷനിൽ ഹാജരാക്കി. നേരത്തെ പൊലീസ് പിടിച്ചെടുത്ത ഫോൺ ചേന്തി അനിലിന്റെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഫോൺ വീണ്ടും ഹാജരാക്കാൻ കമ്മീഷണർ നിർദ്ദേശിച്ചത്. ഇതിന് പിന്നാലെയാണ് ബന്ധുക്കൾ ഫോൺ സ്റ്റേഷനിൽ ഹാജരാക്കിയത്. അതേസമയം മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്താനും തീരുമാനമായി. കേസ് കൈകാര്യം ചെയ്തതിൽ പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ച സംഭവിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് നടപടികള്‍ ശക്തമാക്കാനുള്ള തീരുമാനം.
മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞുള്ള അസാധാരണ നടപടിയും പൊതുജനമധ്യത്തിൽ വെച്ച് അധിക്ഷേപിക്കലുമാണ് ചേന്തി അനിലിന്‍റെ നേതൃത്വത്തിൽ ചതയം ദിനത്തിൽ സംഭവിച്ചത്. പ്രതിയെ രാത്രിയിൽ തന്നെ കസ്റ്റഡിയിലെടുത്തെങ്കിലും കേസ് പിന്നീട് കൈകാര്യം ചെയ്തതിൽ പൊലീസിന് സംഭവിച്ചത് ഗുരുതര വിഴ്ചകളായിരുന്നു. ശ്രീകാര്യം സ്റ്റേഷനിലെ റൗഡി പട്ടികയിൽ 43 -ാം പേരുകരാനാണ് ചേന്തി അനിൽ. മുഖ്യമന്ത്രിയെ സമൂഹമധ്യത്തിൽ അവഹേളിക്കുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് റോഡിൽ തടഞ്ഞതെന്ന് എഫ് ഐ ആറിലുണ്ട്. പ്രതിയെ പിടികൂടുമ്പോൾ സ്വാഭാവികമായും മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനക്ക് അയച്ച് കൂടുതൽ തെളിവ് ശേഖരണം നടത്തുകയാണ് പതിവ്. എന്നാല്‍ മെബൈല്‍ ഫോണ്‍ പ്രതിയുടെ ബന്ധുവിന് കൈമാറിയെന്നാണ് പൊലീസ് തന്നെ റിമാൻഡ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു. ശാസ്ത്രീയ പരിശോധന ആവശ്യമില്ലെന്നും കോള്‍ റെക്കോര്‍ഡ് വിവരങ്ങള്‍ ശേഖരിച്ചാൽ മതിയെന്നുമായിരുന്നു പൊലീസിന്‍റെ ന്യായം. സംഭവം വിവാദമായതോടെയാണ് പൊലീസ് നടപടി കടുപ്പിച്ചത്. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിഞ്ഞതോടെ മുഖ്യമന്ത്രിയെ മനപ്പൂര്‍വം ആക്ഷേപിക്കാൻ ഗുഢാലോചന നടന്നെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചന കുറ്റം ചുമത്തുന്നത്. കൂടുതൽ പേരുടെ പങ്കാളത്തിവും അന്വേഷിക്കും. ഗൂഢാലോചനകുറ്റം ചുമത്തി ഉടൻ കോടതിക്ക് റിപ്പോർട്ട് നല്‍കും. ചേന്തി അനിലിന്‍റെ ജാമ്യാപേക്ഷയിൽ പ്രാഥമിക വാദം നടന്നപ്പോള്‍ സര്‍ക്കാർ അഭിഭാഷക മൃദു സമീപനം സ്വീകരിച്ചതും വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയെന്നതാണ് പ്രതിക്കെതിരെ ചുമത്തിയ ഏക ജാമ്യമില്ലാ കുറ്റം. എന്നാല്‍ ചെമ്പഴത്തി ഗുരുകുലത്തിലെ ചടങ്ങ് ഔദ്യോഗിക ചടങ്ങല്ലെന്നും അത് കൊണ്ട് തന്നെ ഔദ്യോഗിക ജോലി തടസ്സപെടുത്തിയെന്ന കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിയുടെ പ്രധാന വാദം. എന്നാല്‍ ഈ വാദം തെറ്റെന്ന് തെളിയിക്കുന്ന തരത്തിലുള്ള മറുവാദങ്ങളൊന്നും പ്രോസിക്യൂഷന്‍റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഇതോടെയാണ് ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് വിശദമായ റിപ്പോർട്ട് നല്‍കാനുള്ള ഇപ്പോഴത്തെ തീരുമാനമുണ്ടായത്. പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പിന്നീട് ഹര്‍ജിയും നല്‍കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam