
തൃശൂർ: മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്രദർശനത്തിലെ വിവാദത്തിൽ പ്രതികരണവുമായി ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ അരുൺ. മുഖ്യമന്ത്രി ദർശനം നടത്തിയത് നിയമാനുസൃതമാണെന്നും മറിച്ചുള്ള ആരോപണത്തിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് നെയ് വിളക്ക് ശീട്ട് ആക്കിയാണ് മുഖ്യമന്ത്രി ക്ഷേത്രത്തിനകത്ത് കടന്നത്. അഞ്ചുപേർക്ക് ദർശനം നടത്താം എന്നിരിക്കെ അകത്തു കടന്നത് നാലുപേർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഭക്തരെ തടയുന്ന നടപടി ഉണ്ടായില്ല. ഒരാളുടെയും ദർശനം മുടക്കിയില്ല. പായസം കൊണ്ടുപോകുന്ന സമയത്ത് 15 മിനിറ്റോളം ഭക്തർക്കൊപ്പം കാത്തുനിന്ന ശേഷമാണ് മുഖ്യമന്ത്രി ദർശനം പൂർത്തിയാക്കിയത്. മറിച്ചുള്ള പ്രചരണങ്ങൾ അവാസ്തവമാണെന്നും മന്ത്രി എം ലിജു ബിന്ദു കൃഷ്ണ എന്നിവർ ദർശനം നടത്തിയത് പുലർച്ചെയാണെന്നും നിയമപ്രകാരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച മുഖ്യമന്ത്രിയും മന്ത്രിമാരും ഗുരുവായൂർ ദർശനം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥും രംഗത്തെത്തിയിരുന്നു. അവധി ദിവസങ്ങളിൽ വിഐപി ദർശനം പാടില്ല എന്നാണ് ഹൈക്കോടതി ഉത്തരവ്. എന്നാൽ മുഖ്യമന്ത്രിയും സംഘവും നിയമലംഘനം നടത്തിയതായി തോന്നുന്നില്ല. രമേശ് ചെന്നിത്തല ഒഴികെ മറ്റ് മന്ത്രിമാർ ആരും വരുമെന്ന് അറിയിച്ചില്ല. ഒട്ടേറെ പേർക്ക് തൊഴാൻ ആകാതെ പോയി എന്ന് അറിഞ്ഞു. എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കുമെന്നും എ വി ഗോപിനാഥ് പറഞ്ഞു.
മുഖ്യമന്ത്രി നെയ്‌വിളക്കുമായി എത്തിയതാണ് എങ്കിൽ ആചാരപരമായി ദർശനം നടത്താം. അങ്ങനെയാണോ ദർശനം നടത്തിയത് എന്ന് അന്വേഷിക്കും. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കും. ക്ഷേത്രവളപ്പിലെ റീൽസ് ചിത്രീകരണത്തെ കുറിച്ചും അന്വേഷിക്കുമെന്ന് എ വി ഗോപിനാഥ് പ്രതികരിച്ചു. ഒട്ടേറെ ഓൺലൈൻ ചാനലുകൾ മുഖ്യമന്ത്രിയുടെ റീൽസ് ചിത്രീകരിച്ചതായി വിവരമുണ്ടെന്ന് ദേവസ്വം ചെയർമാൻ പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam