
തിരുവനന്തപുരം: 100 ദിന കർമപദ്ധതി ഫലപ്രദമായി നടപ്പാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടെന്നും അവയിൽ 568 പദ്ധതികൾ പൂർണമായി നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 20 എണ്ണം വിവിധ ഘട്ടങ്ങളിൽ ഫലപ്രദമായി നടപ്പാക്കാനായി. മന്ത്രിസഭായോഗ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. 96.5 ശതമാനം പദ്ധതികൾ പൂർത്തിയാക്കാൻ സാധിച്ചു. വകുപ്പുതല ഏകോപനവും ഉദ്യോഗസ്ഥ പങ്കാളിത്തവും ഉറപ്പാക്കി. പൊതുജനങ്ങൾക്ക് പുരോഗതി അറിയാൻ പ്രത്യേക പോർട്ടലുണ്ട്.
ഓരോ ഫയലിലും ഓരോ ജീവിത പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഫയൽ നീക്കത്തിന് പുതിയ രീതി കൊണ്ടുവരുമെന്നും അറിയിച്ചു. ജനസ്പര്‍ശം എന്ന പേരിൽ ഒക്ടോബർ 15 മുതൽ ഡിസംബർ 31 വരെ ഫയൽ അദാലത്ത് നടത്തും. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വയോജന വകുപ്പിന് പുതിയ നിയമം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു വകുപ്പ്. ഇത് മുഴുവൻ സംസ്ഥാനങ്ങൾക്കും ഒരു മാതൃകയാകും. ഈ സഭാ സമ്മേളനത്തിൽ അത് പാസാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇഡി കത്തിൽ സർക്കാർ അനാവശ്യ ധൃതി കാണിച്ചില്ലെന്ന് മാസപ്പടി കേസിലെ ഇഡി കത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചു. വ്യക്തിപരമായ ഒന്നിലേക്കും പോയില്ല. നിയമോപദേശം തേടി. സുപ്രീംകോടതി വിധി അനുസരിച്ച് കേസെടുക്കണമെന്നാണ്. പിണറായി വിജയന് എതിരായ കേസ് ആയതിനാൽ അനാവശ്യ തിടുക്കം ഒന്നും കാണിച്ചിട്ടില്ല. എഫ്ഐആർ ഉടൻ രജിസ്റ്റർ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്ന് നേരത്തെ പറഞ്ഞു.
വോട്ട് നിഷേധിച്ചെന്ന പരാതി കേരളത്തിൽ ഉണ്ടായിട്ടില്ല. ബിജെപിക്ക് ജയസാധ്യതയുള്ള സ്ഥലങ്ങളിൽ മാത്രമാണ് തിരിമറി നടന്നത് എന്ന് കേരളത്തിലെ എസ്ഐആര്‍ വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചു. അടൂര്‍ പ്രകാശിന്‍റെ ആരോപണത്തിൽ മറുപടി പറയുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി താൻ പാര്‍ട്ടിക്ക് വിധേയനാണെന്നും വിമര്‍ശനത്തിന് അതീതനല്ലെന്നും പ്രതികരിച്ചു. തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാറാണ്. നയപരമായ കാര്യങ്ങളെല്ലാം പാര്‍ട്ടിയുമായി ആലോചിക്കും. വിമാനയാത്ര വിവാദം അടഞ്ഞ അധ്യായമാണെന്നും സ്പോണ്‍സര്‍ ആരെന്ന് പറയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹെലികോപ്റ്റര്‍ കരാര്‍ പുതുക്കുന്നില്ല. കരാറിനെ എതിര്‍ത്തതാണ്, അതുകൊണ്ടാണ് വേണ്ടെന്ന് തീരുമാനിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam