2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തുവയസ്സുകാരനെ പ്രതി സ്വന്തം വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. സംഭവം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ടായിരുന്നു.

മലപ്പുറം: പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ 61കാരന് 54 വര്‍ഷം കഠിനതടവും 2.80 ലക്ഷം രൂപ പിഴയും ശിക്ഷ. തവനൂര്‍ മറവഞ്ചേരി പറപ്പുത്ത് പറമ്പില്‍ വാഴയില്‍ വളപ്പില്‍ വീട്ടില്‍ മണികണ്ഠനെയാണ് പൊന്നാനി അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. കോടതി ജഡ്ജി എസ്. ലിഷയാണ് വിധി പ്രസ്താവിച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ നാലര വര്‍ഷം കൂടി അധിക കഠിനതടവ് അനുഭവിക്കണം. പ്രതിയില്‍നിന്ന് ഈടാക്കുന്ന പിഴത്തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. ഇതിനു പുറമെ ഇരയായ കുട്ടിക്ക് ഇരകളുടെ നഷ്ടപരിഹാര പദ്ധതിപ്രകാരം കൂടുതല്‍ നഷ്ടപരിഹാരം അനുവദിക്കുന്നതിന് ജില്ലാ നിയമസേവന അതോറിറ്റിയോട് കോടതി നിര്‍ദേശിച്ചു.

ശിക്ഷാവിധിക്കു പിന്നാലെ പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. 2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തുവയസ്സുകാരനെ പ്രതി സ്വന്തം വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. സംഭവം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ടായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കുറ്റിപ്പുറം പൊലീസ് വിശദമായ അന്വേഷണം നടത്തി. അന്നത്തെ കുറ്റിപ്പുറം പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ. പത്മരാജനാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

പൊന്നാനി അതിവേഗ പ്രത്യേക കോടതിയിലെ മുന്‍ ജഡ്ജി സുബിത ചിറക്കലിന്റെ നേതൃത്വത്തിലാണ് കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയായത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.കെ. സുഗുണ, അഡ്വ. സപ്ന പി. പരമേശ്വരന്‍ എന്നിവര്‍ ഹാജരായി. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളില്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം വീണ്ടും ചൂണ്ടിക്കാട്ടുന്നതാണ് കോടതി വിധി.