പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ നൂതന സംയോജിത ജലകൃഷി കേരളത്തിൽ വിജയം

Published : May 24, 2021, 10:24 PM IST
പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ നൂതന സംയോജിത ജലകൃഷി കേരളത്തിൽ വിജയം

Synopsis

നിശ്ചിത സ്ഥലത്ത് നിന്ന് ഒരേകാലയളവിൽ വിവിധ ജലകൃഷികളിലൂടെ പരമാവധി ഉൽപദാനമുണ്ടാക്കുന്ന നൂതന സാങ്കേതികവിദ്യയായ ഇന്റഗ്രേറ്റഡ് മൾട്ടിട്രോഫിക് അക്വാകൾച്ചർ-ഇംറ്റ വാണിജ്യാടിസ്ഥാനത്തിൽ പരീക്ഷിക്കുന്നത് കേരളത്തിൽ ആദ്യം

കൊച്ചി: കേരളത്തിലാദ്യമായി വാണിജ്യാടിസ്ഥാനത്തിൽ പരീക്ഷിച്ച സംയോജിത ജലകൃഷിയിൽ (ഇന്റഗ്രേറ്റഡ് മൾട്ടിട്രോഫിക് അക്വാകൾച്ചർ-ഇംറ്റ) മികച്ച നേട്ടം കൊയ്ത് കല്ലുമ്മക്കായ വിളവെടുപ്പ്. സുസ്ഥിര കൂടുമത്സ്യകൃഷിയുടെ വികസനം ലക്ഷ്യമിട്ടുള്ള ഗവേഷണത്തിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സിഎംഎഫ്ആർഐ) മൂത്തകുന്നത്ത് പുതിയ സാങ്കേതികവിദ്യയായ ഇംറ്റ രീതിയിൽ കൃഷിയിറക്കാൻ നേതൃത്വം നൽകിയത്. കുറഞ്ഞ സ്ഥലത്ത് നിന്ന് ഒരേകാലയളവിൽ തന്നെ വിവിധ കൃഷികളിലൂടെ കൂടുൽ വരുമാനമുണ്ടാക്കാവുന്ന നൂതന ജലകൃഷി രീതിയാണ് ഇംറ്റ.

കൂടുമത്സ്യകൃഷിയോടൊപ്പം കല്ലുമ്മക്കായ, കടൽപായൽ എന്നിവയായിരുന്നു  ഈ മാതൃകയിൽ കഴിഞ്ഞ ഡിസംബറിൽ കൃഷിയിറക്കിയത്. സംയോജിതകൃഷിയിൽ ആദ്യം വിളവെടുപ്പ് നടത്തിയ കല്ലുമ്മക്കായ മികച്ച ഉൽപാദനം നേടിയതായി കണ്ടെത്തി. തമിഴ്‌നാട്ടിൽ സിഎംഎഫ്ആർഐ നേരത്തെ പരീക്ഷിച്ചു വിജയിച്ച ഇംറ്റ കൃഷിരീതി കേരളത്തിലും വിജയകരമാകുമെന്ന് തെളിയിക്കുന്നതായിരുന്നു വിളവെടുപ്പിലെ നേട്ടമെന്ന് സിഎംഎഫ്ആര്‍ഐ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

നാല് മത്സ്യക്കൂടുകൾക്ക് പുറത്ത് ഒരു മീറ്റർ വലിപ്പമുള്ള 150 ചരടുകളിലായി ഇറക്കിയ കല്ലുമ്മക്കായകൃഷിയിൽ ഏകദേശം ഒരു ടൺ കല്ലുമ്മക്കായയാണ് ഉൽപാദിപ്പിക്കാനായത്. ഇത് മികച്ച നേട്ടമാണ്. സിഎംഎഫ്ആർഐക്ക് കീഴിൽ മൂന്നംഗ കർഷകസംഘമാണ് കൃഷിയിറക്കിയത്. ലോക്ഡൗൺ ആയിരുന്നിട്ടും, വിളവെടുത്ത മുഴുവൻ കല്ലുമ്മക്കായയും ഉടനെതന്നെ ആവശ്യക്കാരിലെത്തിക്കാൻ സാധിച്ചതിലൂടെ കർഷകർക്കും മികച്ച നേട്ടംകൊയ്യാനായി.

ഇംറ്റയിലെ പ്രധാനയിനമായ കൂടുകൃഷിയിലെ മീനുകൾക്കും മികച്ച വളർച്ചാനിരക്കുണ്ടെന്ന് സിഎംഎഫ്ആർഐയിലെ ശാസ്ത്രസംഘം നടത്തിയ പരിശോധനയിൽ വ്യക്തമായി. അടുത്ത മാസം അവസാനത്തോടെ കൂടുകൃഷി വിളവെടുപ്പ് നടത്താനാകുമെന്നാണ് പ്രതീക്ഷ. വിളവെടുക്കാറായ കടൽപായൽകൃഷിയും വിജയകരമാണെന്ന് കണ്ടെത്തി. ഇംറ്റ കൃഷിരീതി കേരളത്തിന്റെ ആവാസവ്യവസ്ഥയ്ക്ക് യോജിച്ചതാണെന്ന് ഇതോടെ തെളിഞ്ഞതായി വിദഗ്ധർ പറഞ്ഞു. സിഎംഎഫ്ആർഐയിലെ മാരികൾച്ചർ വിഭാഗം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ഷോജി ജോസഫിന്റെ നേതൃത്വത്തിലാണ് ഇംറ്റ കൃഷിരീതിക്ക് കേരളത്തിൽ തുടക്കമിട്ടത്.

ഉൽപാദന മികവ് മാത്രമല്ല,  ജലാശയങ്ങളുടെ പാരിസ്ഥിതിക സന്തുലനാവസ്ഥ നിലനിർത്താനും ഈ കൃഷി രീതിയിലൂടെ സാധിക്കും. കൂടുമത്സ്യകൃഷിയിൽ നിന്നുണ്ടാകുന്ന അധികമായ പോഷകങ്ങളും കാർബൺഡയോക്സൈഡും നേരിട്ടോ അല്ലാതെയോ ആഗിരണം ചെയ്യാൻ കല്ലുമ്മക്കായക്കും കടൽപായലിനും കഴിവുണ്ട്.  ഒരു നിശ്ചിത സ്ഥലത്ത് നിന്നും പരമാവധി ഉൽപാദനം ഒരേ കാലയളവിൽ നേടാനാകുന്നത് കർഷകർക്ക് മികച്ച ലാഭമുണ്ടാക്കാനും അവസരമൊരുക്കും.

കൂടുമത്സ്യകൃഷി വ്യാപകമാക്കിയത് പോലെ തന്നെ ഇംറ്റ കൃഷിരീതിയും വ്യാപിപ്പിക്കാനാണ് സിഎംഎഫ്ആർഐയുടെ ശ്രമമെന്ന് ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. ഈ കൃഷിമാതൃക വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയ സംസ്ഥാനത്ത് നടന്ന പരീക്ഷണ കൃഷി വിജയകരമാണെന്ന് തെളിഞ്ഞതോടെ തമിഴ്നാട്ടിലെ വിജയകരമായ മാതൃക കേരളമുൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സിഎംഎഫ്ആർഐയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു