
കൊച്ചി: കേരളത്തിൽ നിന്ന് കടലിൽ മീൻ പിടിക്കാൻ പോകുന്നവരിൽ ഭൂരിഭാഗവും അതിഥി തൊഴിലാളികളെന്ന് പഠനം. മീൻപിടുത്തം, വിപണനം, സംസ്‌കരണം എന്നീ മേഖലകളിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. സിഎംഎഫ്ആർഐയിൽ നടന്ന ശിൽപശാലയിൽ ഈ പഠന റിപ്പോർട്ട് അവതരിപ്പിച്ചു. സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ശ്യാം എസ് സലീമാണ് ഈ പഠന റിപ്പോർട്ടിന് പിന്നിലെ പ്രിൻസിപ്പൽ ഇൻവസ്റ്റിഗേറ്റർ. സിഎംഎഫ്ആർഐയിൽ നടന്ന ശിൽപശാലയിൽ മത്സ്യത്തൊഴിലാളികളും പ്രതിനിധികളും ഭാഗമായി.
എറണാകുളം ജില്ലയിലെ മുനമ്പം തുറമുഖത്താണ് യന്ത്രവൽകൃത മത്സ്യബന്ധന മേഖലയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികൾ ജോലി ചെയ്യുന്നത്. തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് അധികവും. സംസ്‌കരണ യൂണിറ്റുകളിൽ 50 ശതമാനവും വിപണന രംഗത്ത് 40 ശതമാനവും അതിഥി തൊഴിലാളികളാണെന്ന് പഠന റിപ്പോർട്ട് പറയുന്നു. മലയാളികളായ യുവാക്കൾ സമുദ്രമത്സ്യ മേഖലയിൽ ഉപജീവനം തേടാൻ താൽപര്യപ്പെടുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതിഥി തൊഴിലാളികൾ വരുമാനത്തിന്റെ 75% വരെ നാട്ടിലുള്ള കുടുംബങ്ങൾക്ക് അയച്ചുകൊടുക്കുന്നു. അതേസമയം മലയാളികളായ മത്സ്യത്തൊഴിലാളികളുടെ വരുമാനത്തിൽ 20-30% സമ്പാദ്യത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭവനനിർമ്മാണത്തിനുമാണ് ചെലവഴിക്കുന്നത്. വരുമാനക്കുറവ്, കടബാധ്യത, ഓഫ്-സീസൺ തൊഴിലില്ലായ്മ, വായ്പാ പലിശയുമാണ് മലയാളികളായ മത്സ്യത്തൊഴിലാളികളുടെ വലിയ ബുദ്ധിമുട്ട്. അതേസമയം വിവേചനം, ഒറ്റപ്പെടൽ, സ്വത്വ പ്രതിസന്ധിയും അതിഥി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളാണ്.
കേരളത്തിലെ ഉയർന്ന വേതനം, തൊഴിലാളികളുടെ ആവശ്യകതയുമാണ് കടുത്ത ദാരിദ്ര്യവും തൊഴിലില്ലായ്‌മയും മൂലം മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെ സംസ്ഥാനത്തേക്ക് വരാൻ പ്രേരിപ്പിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ മാജ ജോസ് ശിൽപശാല ഉദ്ഘാടനം ചെയ്തു. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് അധ്യക്ഷനായി. മെച്ചപ്പെട്ട ഭവന നിർമ്മാണം, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസ പിന്തുണ, ഉപജീവനമാർഗ്ഗ വൈവിധ്യവൽക്കരണ നടപടികൾ, മത്സ്യത്തൊഴിലാളി ക്ഷേമത്തിനായുള്ള അടിയന്തര നയരൂപീകരണവും ആവശ്യമാണെന്ന് ശിൽപശാല വിലയിരുത്തി.