വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലം തീരശോഷണം ഉണ്ടായിട്ടില്ലെന്ന് എൻഐഒടിയുടെ പുതിയ പഠന റിപ്പോർട്ട്

By Web TeamFirst Published Jan 16, 2023, 4:19 PM IST
Highlights

ന്യൂനമർദ്ദങ്ങൾ അടക്കമുള്ള ആവർത്തിച്ചുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളെയാണ് മാറ്റങ്ങൾക്ക് കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണം കാരണം തീരശോഷണം ഉണ്ടായിട്ടില്ലെന്ന് ചെന്നൈ എൻഐഒടിയുടെ പുതിയ പഠനത്തിലും കണ്ടെത്തൽ. വലിയ തീരശോഷണം നേരിടുന്ന വലിയതുറ, ശംഖുമുഖം സ്ട്രെച്ചിൽ അടുത്ത വർഷങ്ങളിൽ സ്ഥിതി മെച്ചപ്പെട്ട്‌ തീരം സ്ഥിരപ്പെടുമെന്നും എൻഐഒടിയുടെ പഠനത്തിൽ പറയുന്നു. 2022ലെ വാർഷിക പഠന റിപ്പോർട്ടിന്റെ കരടിലാണ് കണ്ടെത്തൽ.

എൻഐഒടിയുടെ പഠനം നടന്നത് 2021 ഒക്ടോബർ മുതൽ 2022 സെംപ്റ്റംബർ വരെയുള്ള കാലയളവിലാണ്. വെട്ടുകാട്, വലിയതുറ, പനത്തുറ മുതൽ പൂന്തുറ, കോവളം, അടിമലത്തുറ, പുല്ലുവിള, പൂവാർ, എടപ്പാട് എന്നിവിടങ്ങളിൽ തീരശോഷണം വ്യക്തമാണ്. തുമ്പ - ശംഖുമുഖം, പുല്ലുവിള - പൂവാർ സ്ട്രെച്ചിലാണ് ഈ കാലയളവിൽ തീരം വെയ്പ്പ് കണ്ടെത്തിയത്. തുറമുഖ നിർമാണത്തിന് തീരശോഷണത്തിലോ, തീരം വയ്പ്പിലോ കാര്യമായ സ്വാധീനം ഉണ്ടാക്കാൻ ആയിട്ടില്ലെന്നാണ് വിലയിരുത്തൽ. 

ന്യൂനമർദ്ദങ്ങൾ അടക്കമുള്ള ആവർത്തിച്ചുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളെയാണ് മാറ്റങ്ങൾക്ക് കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. തീരശോഷണം രൂക്ഷമായ ഹോട്ട് സ്പോട്ടുകൾ നിർമ്മാണ സ്ഥലത്ത് നിന്നും 13-15 കി മീ അകലെയാണ്. പൂന്തുറ-ഭീമാപള്ളി ഭാഗത്തെ പുലിമുട്ട് നിർമാണമാണ് വലിയതുറയിൽ തീരശോഷണം ഗുരുതരമാകാൻ കാരണം. 

ഓഖി അടക്കമുള്ള കാലാവസ്ഥ പ്രതിഭാസങ്ങളും സ്വാഭാവികമായ തീരംവയ്പ്പിന് തടസമായെന്നാണ് പഠനത്തിലെ കണ്ടെത്തൽ. മുൻവർഷങ്ങളിലെ കണ്ടെത്തലുകൾ തന്നെയാണ് 2022ലെ പഠന റിപ്പോർട്ടിലും എൻഐഒടി ചൂണ്ടിക്കാട്ടുന്നത്. അതേസമയം മനുഷ്യ ഇടപെടലോ, വലിയ നിർമിതികളോ ഉണ്ടായില്ലെങ്കിൽ വലിയതുറ-ശംഖുമുഖം സ്ട്രെച്ചിൽ അടുത്ത വർഷങ്ങളിൽ തീരം സ്ഥിരപ്പെട്ടേക്കാമെന്നാണ് എൻഐഒടി വിലയിരുത്തൽ. സമരത്തെ തുടർന്ന് തീരശോഷണം പരിശോധിക്കാനായി സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി പഠനം തുടങ്ങാനിരിക്കെയാണ് പാരിസ്ഥിക ആഘാത പഠനം നടത്തുന്ന എൻഐഒടി വീണ്ടും തുറമുഖ നിർമാണത്തെ അനുകൂലിച്ച് റിപ്പോർട്ട് നൽകുന്നത്.
 

click me!