ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം: മലയാളി ജവാന് വീരമൃത്യു

By Web TeamFirst Published Nov 30, 2022, 9:00 AM IST
Highlights

പട്രോളിങ് നടത്തുകയായിരുന്ന സംയുക്ത സുരക്ഷാ സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം

റായ്‌പൂർ: സിആർപിഎഫിന്റെ തീവ്ര പരിശീലനം ലഭിച്ച കോബ്ര സംഘത്തിലെ അംഗമായ മലയാളി ജവാൻ കൊല്ലപ്പെട്ടു. റായ്പൂരിനടുത്ത് നടന്ന മാവോയിസ്റ്റ് ആക്രമണത്തിലാണ് മുഹമ്മദ് ഹക്കീം കൊല്ലപ്പെട്ടത്. പാലക്കാട് ജില്ലയിലെ ധോണി സ്വദേശിയാണ്. സുക്മ ജില്ലയിൽ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിലാണ് ഹക്കീം കൊല്ലപ്പെട്ടത്.

സുക്മ ജില്ലയിലെ ദബ്ബകൊണ്ട ഏരിയയിൽ അടുത്തിടെയാണ് ഹക്കീം അടക്കമുള്ള സംഘത്തെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചത്.ജില്ലാ റിസർവ് ഗാർഡ്, സ്പെഷൽ ടാസ്ക് ഫോഴ്സ് എന്നിവരും സിആർപിഎഫ് സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

പട്രോളിങ് നടത്തുകയായിരുന്ന സംയുക്ത സുരക്ഷാ സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. പിന്നീട് മാവോയിസ്റ്റ് സംഘം വനത്തിനുള്ളിലേക്ക് ഓടിമറഞ്ഞു.

സിആർപിഎഫിന്റെ കമ്മാന്റോ ബറ്റാലിയൻ ഫോർ റസല്യൂട് ആക്ഷൻ എന്നറിയപ്പെടുന്ന കോബ്ര വിഭാഗത്തിൽ ഹെഡ് കോൺസ്റ്റബിളായിരുന്നു ഹക്കീം. വെടിയേറ്റ ഉടനെ തന്നെ ഭേജി ഗ്രാമത്തിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനനായില്ല. ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. പ്രദേശത്ത് കൂടുതൽ പേരെ സുരക്ഷയ്ക്കായി നിയോഗിച്ചതായി ഛത്തീസ്ഗഡ് പൊലീസ് അറിയിച്ചു.

click me!