
കൊച്ചി: വാഴക്കാലയിലെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്ത്രീയുടെ മൃതദേഹത്തിന്‍റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. സെന്‍റ് തോമസ് ഡിഎസ്ടി കോൺവെന്‍റ് അന്തോവാസിയായ സിസ്റ്റർ ജസീനയുടെ ബന്ധുക്കളും കൊച്ചിയിലെത്തി. മജിസ്റ്റീരിയൽ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുമെന്ന് തൃക്കാക്കര പൊലീസ് അറിയിച്ചു.
45വയസ്സുള്ള സിസ്റ്റർ ജസീനയെ മഠത്തിൽ നിന്ന് കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ വൈകീട്ട് 4 മണിയോടെയാണ് മഠം അധികാരികൾ പൊലീസിൽ പരാതി നൽകിയത്. പരാതി നൽകി ഒരു മണിക്കൂറിനുള്ളിൽ തന്നെ സിസ്റ്ററിന്‍റെ മൃതദേഹം മഠത്തിന് തൊട്ടടുത്തുള്ള പാറമടയിലെ കുളത്തിൽ കണ്ടെത്തി.. സിസ്റ്റർ ജസീന 10വർഷമായി മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടിയിരുന്നത് വ്യക്തമാക്കിയാണ് മഠം അധികൃതർ പരാതി നൽകിയത്.
മൃതദേഹം കണ്ടെത്തിയത് രാത്രിയായതിനാൽ ഇൻക്വസ്റ്റ് ഉൾപ്പടെയുള്ള തുടർനടപടികളിലേക്ക് പൊലീസ് കടന്നിരുന്നില്ല. കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്‍റെ കൊവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇടുക്കി കീരിത്തോട് സ്വദേശിയായ സിസ്റ്റർ ജസീനയുടെ മാതാപിതാക്കൾ ഉൾപ്പടെയുള്ള ബന്ധുക്കൾ സംഭവമറിഞ്ഞ് മഠത്തിലെത്തിയിട്ടുണ്ട്. സിസ്റ്ററർ ജസീന മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്ന വിവരം അറിയില്ലെന്ന് ഇവർ പൊലീസിനോട് പറഞ്ഞതായാണ് വിവരം. ആഴമുള്ള കുളത്തിൽ നിന്ന് ഇത്ര വേഗം മൃതദേഹം കണ്ടെത്തിയതിൽ സംശയമുണ്ടെന്ന് നാട്ടുകാരും പൊലീസിനെ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam