കൊച്ചി: നാവികസേന കപ്പലായ ഐഎൻഎസ് വിക്രാന്തിൽ മോഷണം നടന്ന സംഭവത്തിൽ എൻഐഎ പിടിയിലായ രാജസ്ഥാൻ, ബീഹാർ സ്വദേശികളായ രണ്ട് പേര്‍ക്കും കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. ഇരുവരുമായി എൻഐഎ ഇരുസംസ്ഥാനങ്ങളിലും തെളിവെടുപ്പ് നടത്തി വരികയാണ്. പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായിട്ടില്ലെന്നും കസ്റ്റഡിയിൽ വിട്ട് നല്‍കണമെന്നും ആവശ്യപ്പെട്ട് എൻഐഎ ഉടൻ അപേക്ഷ സമർപ്പിക്കും. 10 ദിവസത്തേയ്ക്കാണ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടുക. തേവരയിലെ വീട്ടിലായിരുന്നു കപ്പലിൽ നിന്നും കവർച്ച നടത്തിയ ഹാർഡ് ഡിസ്ക് ആദ്യം ഒളിപ്പിച്ചത്. തേവരയിലെ വീട്ടിൽ ഇവരോടൊപ്പം താമസിച്ച മറ്റ് 4 പേരെക്കൂടി ചോദ്യം ചെയ്യും.
കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. ഒരു വർഷം മുൻപാണ് വിക്രാന്തിൽ നിന്നും ഹാർഡ് ഡിസ്കുകൾ കാണാതായത്. നിർമ്മാണത്തിലിരിക്കുന്ന യുദ്ധക്കപ്പലിൽ നിന്നും വിവരശേഖരണത്തിന് ഉപയോഗിക്കുന്ന ഹാർഡ് ഡിസ്ക് നഷ്ടമായത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിന്‍റെ അന്വേഷണം പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലിക്ക് വരുന്ന എല്ലാവരുടേയും വിരലടയാളം ഇവിടെ ശേഖരിച്ചു വയ്ക്കുന്ന പതിവുണ്ട്. ഇങ്ങനെ 5000-ത്തോളം ആളുകളുടെ വിരലടയാളം ശേഖരിച്ചു നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് ഇപ്പോൾ പിടിയിലായ രണ്ട് ഉത്തരേന്ത്യൻ തൊഴിലാളികളിലേക്ക് എൻഐഎ എത്തിയത്. കപ്പലിലെ പെയിൻ്റിംഗ് തൊഴിലാളികളായ ഇവർ തൊഴിൽ നഷ്ടമായി മടങ്ങുമ്പോൾ ഹാർഡ് ഡിസ്ക് കൂടി എടുത്ത് സ്ഥലം വിടുകയായിരുന്നു എന്നാണ് എൻഐഎക്ക് ലഭിച്ച വിവരം. ഇവരിൽ നിന്നും രണ്ട് ഹാർഡ് ഡിസ്കുകൾ ഇതിനോടകം വീണ്ടെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam