
കോഴിക്കോട്: ദുരിതകാലമാണ്, പ്രതിസന്ധിയാണ്. പക്ഷേ, കേരളത്തിന്‍റെ മനസ്സിൽ ഇന്നും സഹാനുഭൂതിയുണ്ട്, സ്നേഹമുണ്ട് എന്ന് എട്ടാം ക്ളാസുകാരിയായ സ്നിഗ്ധയുടെയും രണ്ടാം ക്ളാസുകാരനായ അനിരുദ്ധിന്‍റെയും ഒറ്റ ദിവസം അടയാളപ്പെടുത്തുന്നു. കോഴിക്കോട് മുക്കത്ത് പഠിക്കാൻ വെളിച്ചമില്ലാതെ, പ്ലാസ്റ്റിക് വലിച്ച് കെട്ടിയ വീട്ടിൽ മെഴുതിരിവെട്ടത്തിലിരുന്ന് പഠിച്ച കുട്ടികളുടെ വാർത്ത 'നമസ്തേ കേരള'ത്തിലൂടെ കണ്ട നിരവധിപ്പേരാണ് സഹായസന്നദ്ധരായി ഞങ്ങളെ വിളിച്ചത്. വെള്ളിയാഴ്ച രാവിലെ ഞങ്ങൾ നൽകിയ വാർത്ത കണ്ട്, അന്ന് മണിക്കൂറുകൾക്കകം ആ വീട്ടിലേക്ക് വൈദ്യുതിയെത്തി. കുട്ടികൾക്ക് പഠിക്കാൻ മൊബൈലും ടിവിയുമായി. ഒറ്റമുറി വീടിന് പകരം ഇവർക്ക് പുതിയ വീടുമൊരുങ്ങും.
പ്ലാസ്റ്റിക് വലിച്ച് കെട്ടി ഉയർത്തിയ ചെറുവീട്ടിൽ മാത്രമല്ല, ആ ബൾബ് തെളിഞ്ഞപ്പോൾ വെളിച്ചം നിറഞ്ഞത് കുഞ്ഞ് സ്നിഗ്ധയുടെയും അരവിന്ദിന്‍റെയും മനസ്സിലാണ്. കണ്ണ് നിറഞ്ഞ് കുഞ്ഞുമക്കൾ പഠിക്കുന്നത് കണ്ടുനിന്നു വല്യമ്മ.
''16 കൊല്ലമായി ചായ്ച്ച് കെട്ടിയ ഈ കൂരയില് ഞങ്ങള് കഴിയുന്നു. മോന് കുടുംബമായി മൂത്ത കുഞ്ഞ് എട്ടാം ക്ലാസ്സിലായി. എന്നിട്ടും ഞങ്ങളുടെയീ വീട്ടില് കറണ്ട് പോലും വന്നില്ലായിരുന്നു. ഇത്ര കാലത്തിന് ശേഷം ഇപ്പഴാണീ വീട്ടില് ഇത്തിരി വെളിച്ചം വീണത്. നാല് ചുമരിനുറപ്പുള്ള ഒരു വീട്ടില് അടച്ചുപൂട്ടി എന്‍റെ കുട്ടികള് താമസിക്കുന്നത് കാണണമെന്നത് മാത്രമേയുള്ളൂ എനിക്കിനി ഒരു ആഗ്രഹം'', എന്ന് സ്നിഗ്ധയുടെയും അനിരുദ്ധിന്‍റെയും വല്യമ്മ തങ്കമണി പറയുന്നു.
ഇനി സ്നിഗ്ധയ്ക്കും അനിരുദ്ധിനും മെഴുതിരിവെട്ടത്തിൽ പഠിക്കേണ്ട. ഓൺലൈൻ ക്ലാസിനായി അച്ഛൻ ശ്രീകാന്ത് പണി കഴിഞ്ഞ് വരുന്നത് വരെ കാത്തിരിക്കേണ്ട.
''16 വർഷായി ഈ കൂരയിലെ വെളിച്ചമില്ലാണ്ട് ഞങ്ങള് കഴിയുന്നു. ഇന്ന് പെട്ടെന്നൊരു ദിവസം ഇത് കിട്ട്വാന്ന് പറയുമ്പോ.. പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷം'', എന്ന് കുട്ടികളുടെ അച്ഛൻ ശ്രീകാന്ത്.
''ലൈറ്റ് കണ്ടപ്പോ ശരിക്ക് സന്തോഷായി. ഇനി ഫോൺ ചാർജ് ചെയ്യാൻ അടുത്ത വീട്ടിലൊന്നും പോണ്ടല്ലോ. പിന്നെ ടിവി കിട്ടി. ഇവിടന്ന് തന്നെ പഠിക്കാലോ. എല്ലാം കണ്ട് പഠിക്കാലോ'', എന്ന് നിറചിരിയോടെ സ്നിഗ്ധ.
ഏഷ്യാനെറ്റ് ന്യൂസ് സ്നിഗ്ധയുടെയും അനുജന്‍റെയും ജീവിതാവസ്ഥ പുറത്തുവിട്ടതോടെ സർക്കാർ സംവിധാനങ്ങൾ ഉണർന്നു. മണിക്കൂറുകൾക്കകം കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതി നൽകി. മുക്കം ജനമൈത്രി പൊലീസും സ്ഥലത്തെത്തി. വീട് നിർമ്മാണം ഏറ്റെടുക്കാമെന്ന് ജനമൈത്രി പൊലീസിന്‍റെ ഉറപ്പ്. തങ്കമണി അമ്മയുടെ വിഹിതമായി കിട്ടിയ ഏഴര സെന്‍റിലെ തർക്കങ്ങൾ തീർക്കാനുള്ള നടപടികളും ജനമൈത്രി പൊലീസ് തുടങ്ങി. ഈ വീട്ടിലേക്ക് കരുണയുള്ള മനുഷ്യരുടെ സഹായ വാഗ്ദാനം ഇപ്പോഴും തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്ത ആ വാർത്ത കാണാം:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam