തൃശ്ശൂർ: പുതിയ ഒരു ജീവിതം കരുപ്പിടിപ്പിക്കാൻ തുടങ്ങുകയായിരുന്നു അവർ. പ്രവാസിയായ ഇഗ്‍നി റാഫേൽ, പത്ത് ദിവസം മുമ്പ് മാത്രമാണ് നാട്ടിലെത്തിയത്. ഭാര്യ ബിൻസി നാട്ടിൽത്തന്നെയായിരുന്നു. ഇഗ്‍നിയുടെ വീട്ടിൽ. നഴ്‍സിംഗ് കോഴ്‍സ് പൂർത്തിയാക്കിയ ബിൻസിയെയും സൗദിയിലേക്ക് കൊണ്ടുപോകാൻ, ഒരു ജോലിക്ക് ശ്രമിക്കാൻ കൂടിയാണ് ഇഗ്‍നി ഒരു മാസത്തെ അവധിക്ക് എത്തിയത്.
സൗദിയിലെ ഷിപ്പിംഗ് കോർപ്പറേഷനിലായിരുന്നു ഇഗ്‍നിക്ക് ജോലി. നാല് വർഷത്തോളമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. രണ്ട് പേരും രണ്ടിടത്തായി കഴിയുകയായിരുന്നതിനാൽ, ബിൻസിക്ക് കൂടി സൗദിയിൽ ജോലി ശരിക്കാൻ ശ്രമിക്കുകയായിരുന്നു ഇഗ‍്നി.
തൃശ്ശൂർ ഒല്ലൂരിലെ സ്വന്തം വീട്ടിൽ നിന്ന് ബുധനാഴ്ച പുറപ്പെടുമ്പോൾ, ബെംഗളുരുവിൽ നിന്ന് ബിൻസി പഠിച്ച കോളേജിൽ നിന്ന് സർട്ടിഫിക്കറ്റുകൾ വാങ്ങുക എന്നതായിരുന്നു ലക്ഷ്യം. പഠനം പൂർത്തിയായതിന്‍റെ ഡിഗ്രി സർട്ടിഫിക്കറ്റുകളും മറ്റും വാങ്ങി, വിദേശത്തെ ഒരു ജോലിക്ക് അപേക്ഷിക്കണം. നോർക്ക വഴി അത്തരം നിയമനം ലഭിച്ചാൽ ഇഗ്‍നിയ്ക്ക് ഒപ്പം ബിൻസിക്കും പോകാം.
ഇത് വാങ്ങി മടങ്ങുന്ന വഴിക്കായിരുന്നു അവരുടെ ജീവിതം തന്നെ തകർത്തു കളഞ്ഞ ആ അപകടം. കെഎസ്ആർടിസി ബസ്സിന്‍റെ ഇടത് വശത്താണ് ബിൻസിയും ഇഗ്‍നിയും ഇരുന്നിരുന്നത്. ഇഗ്‍നി അപകടത്തിൽ തൽക്ഷണം മരിച്ചു. ബിൻസി ഗുരുതരമായ പരിക്കുകളോടെ അവിനാശി സർക്കാർ ആശുപത്രിയിലാണ്. തലയ്ക്കാണ് ബിൻസിക്ക് പരിക്കേറ്റിരിക്കുന്നത് എന്നാണ് വിവരം.
പുലർച്ചെ എത്തിയ ദുരന്തവാർത്ത നൽകിയ ആഘാതത്തിൽ നിന്ന് ഇതുവരെ മോചിതമായിട്ടില്ല തൃശ്ശൂർ നഗരത്തിനടുത്തുള്ള ഒല്ലൂർ എന്ന ചെറുപട്ടണം. ഇഗ്നി റാഫേൽ എന്ന പേര് കേട്ടപ്പോൾ ആദ്യം സംശയം തോന്നി എന്നാണ് സ്ഥലത്തെ പൊതുപ്രവർത്തകർ പറയുന്നത്. വീട്ടിൽ എത്തി അന്വേഷിച്ചപ്പോൾ ഇഗ്നിയും ബിൻസിയും ബെംഗളുരുവിലേക്ക് പോയി എന്നാണ് പറഞ്ഞത്. പിന്നീട് വിവരങ്ങൾ അന്വേഷിച്ചപ്പോൾ മരിച്ചത് സ്വന്തം നാട്ടുകാരൻ തന്നെയെന്ന് വ്യക്തമായി - എന്ന് സ്ഥലത്തെ പൊതുപ്രവർത്തകൻ സുനോജ് പറയുന്നു.
ബിൻസിയുടെയും ഇഗ്നിയുടെയും ബന്ധുക്കളും സുഹൃത്തുക്കളും തിരുപ്പൂരിലേക്ക് പോയിട്ടുണ്ട്. ചികിത്സയിലുള്ള ബിൻസിയ്ക്ക് ഒപ്പം നിൽക്കണം, ഒപ്പം ഇഗ്‍നി ഇനിയില്ലെന്ന വേദനയും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam