തദ്ദേശ തെര‍ഞ്ഞെടുപ്പ് വോട്ടർ പട്ടിക; ഹൈക്കോടതി വിധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ

By Web TeamFirst Published Feb 20, 2020, 12:27 PM IST
Highlights

ഹൈക്കോടതി വിധി തദ്ദേശ തെരഞ്ഞെടുപ്പ് വൈകാൻ കാരണമാകുമെന്ന് ഹര്‍ജിയിൽ കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്ര ഭരണഘടന സ്ഥാപനമാണ് കമ്മീഷന്‍റെ അധികാരങ്ങളിൽ കോടതി ഇടപെടുന്നത് സ്വതന്ത്ര തെരഞ്ഞെടുപ്പ് നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വാദം.

ദില്ലി: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടിക വിഷയത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ സമീപിച്ചു. 2015ലെ പട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണെന്നും വോട്ടർ പട്ടിക അടക്കമുള്ള പ്രവർത്തനങ്ങളിൽ ഇടപെടൽ അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. 

ഹൈക്കോടതി വിധി തദ്ദേശ തെരഞ്ഞെടുപ്പ് വൈകാൻ കാരണമാകുമെന്ന് ഹര്‍ജിയിൽ കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്ര ഭരണഘടന സ്ഥാപനമാണ് കമ്മീഷന്‍റെ അധികാരങ്ങളിൽ കോടതി ഇടപെടുന്നത് സ്വതന്ത്ര തെരഞ്ഞെടുപ്പ് നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വാദം. 2019ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുക പ്രായോഗികമല്ലെന്നും ബൂത്ത് അടിസ്ഥാനത്തിലുള്ള പട്ടിക വാര്‍ഡ് അടിസ്ഥാനത്തിലാക്കാൻ സാമ്പത്തിക ചെലവും സമയനഷ്ടവും ഉണ്ടാകുമെന്നും കമ്മീഷൻ നൽകിയ ഹർജിയിൽ പറയുന്നു. അതിനാൽ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി വിധി റദ്ദാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആവശ്യം. കേസിൽ മുസ്ലീം ലീഗ് നേരത്തെ തടസഹര്‍ജി നൽകിയിരുന്നു.

2019-ലെ പട്ടിക അനുസരിച്ച് വാർഡ് തലത്തിൽ പുതുക്കാൻ സമയം വേണ്ടി വരുമെന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ തന്നെ തുറന്ന് പറഞ്ഞിരുന്നതാണ്. ഇരുപത്തിയയ്യായിരം അസംബ്ലി ബൂത്തുകളിൽ വാർഡ് പ്രകാരമാക്കി പുതുക്കാൻ ബുദ്ധിമുട്ടാണ്. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയത് അസംബ്ലി ബൂത്ത് തലത്തിലാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പട്ടിക പുതുക്കുന്നത് വാർഡ് തലത്തിലാണ്. അസംബ്ലി ബൂത്ത് തലത്തിൽ തയ്യാറാക്കിയ ഒരു പട്ടിക വാർഡ് തലത്തിലേക്ക് മാറ്റി പുതുക്കണമെങ്കിൽ സംസ്ഥാനത്തെ 25,000 അസംബ്ലി ബൂത്തുകളിലേക്ക് വീണ്ടും ഉദ്യോഗസ്ഥർ പോകേണ്ടി വരും. ഇവിടെ വീടുവീടാന്തരം കയറി പട്ടിക പുതുക്കിയെടുക്കേണ്ടി വരും. ഇതിന് സമയവും പത്ത് കോടി രൂപയെങ്കിലും ചെലവുമുണ്ടാകും. ഇതേ വാദങ്ങൾ ഹൈക്കോടതിയിലും തെരഞ്ഞെടുപ്പ് കമ്മീഷണർ ഉയർത്തിയിരുന്നതാണ്.

click me!