"ചില്ല് പൊട്ടി പുറത്തേക്ക് തെറിച്ച പെൺകുട്ടി റോഡിൽ കിടന്ന് പിടഞ്ഞു"; ഞെട്ടൽ മാറാതെ രാമചന്ദ്രൻ

By Web TeamFirst Published Feb 20, 2020, 11:19 AM IST
Highlights

എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. അമിത വേഗത്തിൽ ഒന്നും ആയിരുന്നില്ല ബസ്സോടിയിരുന്നത്. പെട്ടെന്ന് ഒരു വലിയ ശബ്ദം കേട്ടു. സീറ്റെല്ലാം തെറിച്ച് പോയി. 

കൊയമ്പത്തൂര്‍: കോയമ്പത്തൂരിനടുത്ത് അവിനാശിയിൽ കെഎസ്ആർടിസി ബസ്സും കണ്ടെയ്‍നർ ലോറിയും ഇടിച്ചുണ്ടായ അപകടത്തിൽ ഞെട്ടൽ വിട്ടൊഴിയാതെ  യാത്രക്കാര്‍. അപകടം നടക്കുമ്പോൾ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. വലിയൊരു ശബ്ദത്തോടെ ബസ്സിലെ സീറ്റെല്ലാം തെറിച്ച് വീഴുന്നതാണ് ആദ്യ ഓര്‍മ്മയെന്ന് പറയുകയാണ് തൃശൂര്‍ സ്വദേശി രാമചന്ദ്രൻ. 

ബസ്സിന്‍റെ പുറക് വശത്ത് നിന്ന് മൂന്നാമത്തെ സീറ്റിലാണ് രാമചന്ദ്രൻ യാത്രചെയ്തിരുന്നത്. കണ്ടെയ്നര്‍ വന്നിടിച്ച വലത് വശത്ത് തന്നെയായിരന്നു സീറ്റ്. പെട്ടെന്ന് ഉണ്ടായ അപകടത്തിൽ  ബസ്സിലുണ്ടായിരുന്ന എല്ലാവരും അവിടെയും ഇവിടെയും എല്ലാം പോയി ഇടിച്ചു. കൂടെ ഇരുന്ന ആളുടെ കാലിന് നല്ല പരിക്കുണ്ട്. മുന്നിലിരുന്ന പെൺകുട്ടി ഗ്ലാസ് പൊട്ടി പുറത്തേക്ക് തെറിച്ച് വീണ് റോഡിൽ കിടന്ന് പിടച്ചു.ആംബുലൻസ് എത്താനെടുത്ത സമയമത്രയും അവര്‍ റോഡിൽ പിടയുകയായിരുന്നു എന്നും രാമചന്ദ്രൻ ഓര്‍ക്കുന്നു.

പൊലീസും ആംബുലൻസുകളുമെല്ലാം മിനിറ്റുകൾക്ക് അകം പാഞ്ഞെത്തി. പിന്നീട് നോക്കുമ്പോഴാണ് ബസ്സിൽ ട്രക്ക് ഓപ്പോസിറ്റ് സൈഡിൽ നിന്ന് വന്ന് ഇടിക്കുകയായിരുന്നു എന്ന് മനസിലായത്. മുൻനിരയിൽ ഇരുന്ന യാത്രക്കാര്‍ക്കാണ് അധികവും പരിക്കേറ്റത്. എല്ലാവരേയും ആശുപത്രിയിലാക്കി. അപകടത്തിൽ തലക്ക് ഇളക്കം സംഭവിച്ചതിനാൽ സിടി സ്കാൻ അടക്കമുള്ള പരിശോധനകൾ നടത്തിയെന്നും യാത്രചെയ്യാൻ പ്രശ്നമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനാൽ  ബന്ധുക്കൾ എത്തിയാലുടൻ നാട്ടിലേക്ക് മടങ്ങുമെന്നും രാചചന്ദ്രൻ പ്രതികരിച്ചു.  

click me!