
തിരുവനന്തപുരം: അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെ മനോരോഗി എന്ന് വരെ വിളിച്ചുള്ള പരസ്യ അധിക്ഷേപമടക്കമുള്ള വിവാദത്തിനിടെ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി എൻ പ്രശാന്ത് ഐ എ എസ് രംഗത്ത്. കള പറിക്കാൻ ഉപയോഗിക്കുന്ന വീഡറുമായി ബന്ധപ്പെട്ടുള്ള കുറിപ്പാണ് പ്രശാന്ത് പങ്കുവച്ചിരിക്കുന്നത്. 'കർഷകനാണ്... കള പറിക്കാൻ ഇറങ്ങിയതാ.. .കളകളെ ഇനി ഭയപ്പെടേണ്ടതില്ല, ഒന്നാന്തരം വീഡർ വന്ന് കഴിഞ്ഞു!' എന്നാണ് പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചത്. വിവാദങ്ങളിൽ ഇന്ന് സർക്കാർ നടപടിക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ലൂസിഫർ സിനിമയിലെ ഡയലോഗും ചേർത്തുള്ള പ്രശാന്തിന്‍റെ കുറിപ്പ് എന്നത് ശ്രദ്ധേയമാണ്.
എൻ പ്രശാന്ത് ഐ എ എസിന്‍റെ കുറിപ്പ് ഇപ്രകാരം
കർഷകനാണ്...
കള പറിക്കാൻ ഇറങ്ങിയതാ...
ഇന്ത്യയിലെ റീപ്പർ, ടില്ലർ മാർക്കറ്റ് മാത്രമല്ല, ഈ-ബഗ്ഗി, ഈ.വി, ട്രാക്ടർ, സോളാർ ഓട്ടോ, ഹൈഡ്രോപോണിക്സ്, ഹാർവസ്റ്റർ, പവർ വീഡർ, വളം, വിത്ത്-നടീൽ വസ്തുക്കൾ- എനിവയുടെ മാർക്കറ്റുകളിലേക്കും കാംകോ ശക്തമായി പ്രവേശിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും മികച്ച ഡീലർ നെറ്റ്‌വർക്ക്, ഫിനാൻസ് ഓപ്ഷനുകൾ..
ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പുർണ്ണമായും കാംകോയുടെ വീഡർ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല, ഒന്നാന്തരം വീഡർ വന്ന് കഴിഞ്ഞു!
അതേസമയം അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെ മനോരോഗി എന്ന് വരെ വിളിച്ചുള്ള പരസ്യ അധിക്ഷേപത്തിൽ എൻ പ്രശാന്തിനെതിരെ ചീഫ് സെക്രട്ടറി നടപടിക്ക് ശുപാർശ ചെയ്തിരിക്കുകയാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഫേസ്ബുക്ക് പോസ്റ്റുള്ളതിനാൽ വിശദീകരണം പോലും തേടാതെയാണ് ചീഫ് സെക്രട്ടറിയുടെ ശുപാർശയെന്നാണ് വിവരം. പ്രശാന്തിൻ്റെ വിമർശനം സർവ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ശാരദാ മുരളീധരൻ്റെ വസ്തുതാ റിപ്പോർട്ട്. താൻ വിസിൽ ബ്ലോവറാണെന്നും ജയതിലകിനും ഗോപാലകൃഷ്ണനുമെതിരെ വിമർശനം തുടരുമെന്നുമായിരുന്നു പ്രശാന്തിൻ്റെ ഇന്നലെത്തെ പോസ്റ്റിലെ വെല്ലുവിളി. ഐ എ എസ് ഉദ്യോഗസ്ഥർ കൈവിട്ട് പോര് തുടർന്നിട്ടും സർക്കാറിൻ്റെ മെല്ലെപ്പോക്ക് വിമർശനവിധേയമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam