'എന്തായിരുന്നു സഖാവേ എന്‍റെ അയോഗ്യത? മരിക്കുമ്പോൾ ചെങ്കൊടി പുതപ്പിനടിയിൽ കിടക്കണം എന്നായിരുന്നു ആഗ്രഹം': ചോദ്യങ്ങളുമായി എ സുരേഷ്

Published : Feb 11, 2026, 04:31 PM ISTUpdated : Feb 11, 2026, 04:36 PM IST
A Suresh

Synopsis

പലതവണ അഭ്യർത്ഥിച്ചിട്ടും പാർട്ടി അംഗത്വം തിരികെ ലഭിക്കാത്തതിലെ വേദന പങ്കുവച്ച് വി എസ് അച്യുതാനന്ദന്‍റെ പി എ ആയിരുന്ന എ സുരേഷ്. മരിക്കുമ്പോൾ ചെങ്കൊടി പുതച്ച് കിടക്കണമെന്ന ആഗ്രഹമാണ് ഇത്രയും കാലം കാത്തിരിക്കാൻ പ്രേരിപ്പിച്ചതെന്ന് സുരേഷ് പറയുന്നു.

പാലക്കാട്: കഴിഞ്ഞ 12 വർഷമായി താൻ പാർട്ടിക്ക് പുറത്താണെന്നും പല തവണ അഭ്യർത്ഥിച്ചിട്ടും അംഗത്വം തിരികെ ലഭിച്ചില്ലെന്നും വി എസ് അച്യുതാനന്ദന്‍റെ പേഴ്സനൽ അസിസ്റ്റന്‍റായിരുന്ന എ സുരേഷ്. പാർട്ടിയിലേക്ക് തിരിച്ചു വരികയെന്നത് തന്റെ ഏറ്റവും വലിയ ജീവിതാഭിലാഷമായിരുന്നുവെന്നും മരിക്കുമ്പോൾ ചെങ്കൊടി പുതപ്പിനടിയിൽ കിടക്കണം എന്ന ആഗ്രഹം കൊണ്ട് മാത്രമാണ് ഇത്രയും കാലം കാത്തിരുന്നതെന്നും സുരേഷ് പറയുന്നു. പുറത്താക്കപ്പെട്ട കാലയളവിൽ ഒരുപാട് തിക്താനുഭവങ്ങളുണ്ടായി. കുറച്ചു കാലം ഗൾഫിൽ ജോലി തേടിയിറങ്ങിയപ്പോഴും മലയാളികൾ ഉൾപ്പെട്ട കമ്പനികൾ ജോലി തരാൻ ഭയപ്പെട്ടു. പിന്നീട് നാട്ടിലേക്ക് വരേണ്ടി വന്നു. ഈ പാർട്ടിയിൽ അംഗത്വം ലഭിക്കാതിരിക്കാൻ മാത്രം താൻ ചെയ്ത തെറ്റെന്താണെന്ന് സുരേഷ് ചോദിക്കുന്നു.

മലമ്പുഴയിലെ സ്ഥാനാർത്ഥിയായി യുഡിഎഫ് എ സുരേഷിനെ പരിഗണിക്കുന്നു എന്ന വാർത്തകൾക്കിടെയാണ് ഈ കുറിപ്പ് എന്നത് ശ്രദ്ധേയമാണ്. എ സുരേഷുമായി നേതൃത്വം ചർച്ച ചെയ്തു എന്നാണ് അറിവെന്ന് വി കെ ശ്രീകണ്ഠൻ എംപി ഇന്നലെ പറയുകയുണ്ടായി. എ സുരേഷിനെ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് നീക്കം. അതേസമയം, മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് എ സുരേഷ് പറഞ്ഞു. കോൺ​ഗ്രസ് നേതാക്കൾ തന്നെ സമീപിച്ചിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ട് 11 വർഷത്തോളമായി. ഇപ്പോഴും ഇടതുപക്ഷ അനുഭാവിയായി തുടരുന്നയാളാണ് താനെന്നും എ സുരേഷ് പറ‍ഞ്ഞു.

കാത്തിരുന്നത് 12 വർഷമെന്ന് എ സുരേഷ്

"എന്നെ സി പി ഐ എമ്മിൽ നിന്നും പുറത്താക്കിയത് 2013 മെയ് 12, 13 തീയതികളിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗമാണ്...

എന്നിൽ ആരോപിക്കപ്പെ കാര്യങ്ങൾ താഴെ കൊടുത്തവയാണ്

1 പാർട്ടി കമ്മറ്റികളിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി.

2 സ വി എസ്സിന്റെ ഇമേജ് വർധിപ്പിക്കാൻ വാർത്തകൾ നിർമിച്ച് മാധ്യമങ്ങൾക്ക് വിതരണം ചെയ്തു.

3 പാർട്ടി വിരുദ്ധ മാധ്യമങ്ങളിലെ ലേഖകരുമായി സൗഹൃദം സ്ഥാപിച്ചു. തുടങ്ങിയ എഴോളം കുറ്റങ്ങളാണ് ചാർത്തപ്പെട്ടത്

ഞാൻ വെറും ഒരു പാർട്ടി അംഗം മാത്രമാണ്. ഉപരി കമ്മറ്റികളിൽ നടക്കുന്ന കാര്യങ്ങൾ എനിക്ക് അപ്രാപ്യമാണ് എന്ന കാര്യം താങ്കൾക്ക് അറിവുള്ളതാണല്ലോ. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും പി എ എന്ന നിലക്ക് മാധ്യമ പ്രവർത്തകർ എന്നെ ബന്ധപ്പെടുക സ്വഭാവികമാണ്. എന്റേത് ഒരു പാർട്ടി കുടുംബമാണ് ഓർമ്മവെച്ച നാൾ മുതൽ വീട്ടിൽ നടക്കുന്ന തറ യോഗങ്ങളും കുടുംബ യോഗങ്ങളും കണ്ടാണ് ഞാൻ വളർന്നത്. ആ പശ്ചാത്തലത്തിൽ വളർന്നു വന്ന എന്നെ സംബന്ധിച്ച് പാർട്ടി എനിക്ക് ജീവ വായുവാണ്.

പുറത്താക്കിയ നടപടിക്ക് ശേഷം ഞാൻ പാർട്ടി സെക്രട്ടറി സ കോടിയേരി ബാലകൃഷ്ണനെ സമീപിച്ച് അപ്പീൽ കൊടുത്തു അദ്ദേഹം അനുഭാവ പൂർവ്വം പരിഗണിച്ചിരുന്നു (അദ്ദേഹം ജീവിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്ന അനേകം സഖാക്കളിൽ ഒരാളാണ് ഈയുള്ളവനും). ജില്ലാ സെക്രട്ടറിയെ കാണാൻ ആവശ്യപ്പെട്ടു. അന്നത്തെ ജില്ലാ സെക്രട്ടറി സ സി കെ രാജേന്ദ്രനെ കണ്ടു. പിന്നീട് ഒരു വിവരവും കിട്ടാതായപ്പോൾ വീണ്ടും ജില്ലാ സെക്രട്ടറിയെ കണ്ടു പരിഗണനയിൽ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഒന്നും നടക്കാതെ ആയപ്പോൾ പോളിറ്റ് ബ്യൂറോ അംഗം സ എം എ ബേബിയെ സമീപിച്ചു. അദ്ദേഹത്തെ വീട്ടിൽ പോയി കണ്ടു ജില്ലാ സെക്രട്ടറിയെ വീണ്ടും കാണാൻ ആവശ്യപ്പെട്ടു. വീണ്ടും ജില്ലാ സെക്രട്ടറിയെ തിരുവനന്തപുരം എം എൽ എ ഹോസ്റ്റലിൽ ചെന്ന് കണ്ടു പരിഗണിക്കുന്നുണ്ട് എന്ന മറുപടി. പിന്നീട് സ കോടിയേരി അസുഖ ബാധിതനായപ്പോൾ ആക്റ്റിങ് സെക്രട്ടറിയായ സ എ വിജയരാഘവനെയും കണ്ട് അപ്പീൽ കൊടുത്തു. അതിന് ശേഷം ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി സ ഇ എൻ സുരേഷ് ബാബു സഹോദര തുല്യനായത് കൊണ്ട് തന്നെ അദ്ദേഹത്തോട് വിഷയം അവതരിപ്പിച്ചു അദ്ദേഹം വീണ്ടും ഒരു അപ്പീൽ നൽകാൻ ആവശ്യപ്പെട്ടു അതും നൽകി..

പിന്നീട് പാലക്കാട്‌ ഏരിയ സെക്രട്ടറിയെ കണ്ടു. ഗ്രൂപ്പിൽ എടുത്തു എന്ന വിവരം കിട്ടി. കാൻഡിഡേറ്റ് അംഗമാക്കുന്ന ഘട്ടത്തിൽ ഒഴിവാക്കപ്പെട്ടു. പാർട്ടിയിലേക്ക് തിരിച്ചു വരികയെന്നത് എന്റെ ഏറ്റവും വലിയ ജീവിതാഭിലാഷമായിരുന്നു. അതിലൂടെ പാർട്ടി ചട്ട കൂടിൽ വരികയും മരിക്കുമ്പോൾ ചെങ്കൊടി പുതപ്പിനടിയിൽ കിടക്കണം എന്ന ആഗ്രഹവും കൊണ്ട് മാത്രമാണ് ഇത്രേം കാലം ഞാൻ കാത്തിരുന്നത്. പുറത്താക്കപ്പെട്ട ഈ കാലയളവിൽ ഒരുപാട് തിക്താനുഭവങ്ങളും ഇൻസൽറ്റും അനുഭവിക്കേണ്ടി വന്നു പാർട്ടി പരിപാടികളിലും മാറ്റിടങ്ങളിലും ഇതൊക്കെ അനുഭവിച്ചു. കുറച്ചു കാലം ഗൾഫിൽ പോയി ആദ്യത്തെ കമ്പനി പ്രതിസന്ധി നേരിട്ടപ്പോൾ പുതിയ ജോലി തേടിയിറങ്ങിയപ്പോഴും മലയാളികൾ ഉൾപ്പെട്ട കമ്പനികൾ ജോലി തരാൻ ഭയപ്പെട്ടു. പിന്നീട് നാട്ടിലേക്ക് വരേണ്ടി വന്നു. ഞാൻ ഈ പാർട്ടിയിൽ അംഗത്വം ലഭിക്കാൻ അർഹനല്ലേ.അതിന് മാത്രം ഞാൻ ചെയ്ത തെറ്റെന്താണ്.

പാർട്ടി അനുഭാവിയായി മാത്രം ഇരുന്നാൽ പോരെ എന്ന് ഇത് വായിക്കുന്ന ചിലർക്ക് തോന്നാം അവരെ ഞാൻ കുറ്റം പറയുന്നില്ല പക്ഷെ പാർട്ടി അംഗമായി നിന്ന ഒരാളെ പുറത്താക്കുന്നത് ജീവിത അവസാനം വരെ അല്ലാല്ലോ ഞാൻ ഈ പാർട്ടിയോട് ചേർന്നാണ് പുറത്താക്കിയ കാലം അത്രയും സഞ്ചരിച്ചത്. അങ്ങനെ ഉള്ള എന്നെ എന്തിനാണ് ഇപ്പോഴും പുറത്തു നിർത്തിയിരിക്കുന്നത് ഈച്ചരെ വാര്യരുടെ ഒരു വാചകമുണ്ട് എന്റെ മകനെ ഇപ്പോഴും എന്തിനാണ് മഴയത്ത് നിർത്തിയിരിക്കുന്നത് എന്ന്. ഏകദേശം എന്റെ അവസ്ഥയും അതാണ്. 

ഈ പാർട്ടിയോടൊപ്പം സഞ്ചരിക്കണമെന്നും അംഗമായിരുന്ന ഒരാളെ പുറത്തു നിർത്തുമ്പോൾ ഉള്ള മാനസിക വിഷമം എന്താണെന്നും അനുഭവിച്ചാൽ മാത്രമേ മനസ്സിലാവൂ. ഇതെല്ലാം സഹിച്ചു നിൽക്കുന്നത് ഒരു പാർട്ടി അംഗത്വത്തിന് വേണ്ടി മാത്രമാണ് എനിക്ക് അംഗത്വം നൽകിയാൽ എനിക്ക് നാളെ ഒരു പഞ്ചായത്ത്‌ മെമ്പർ പോലും ആവേണ്ട പക്ഷെ പാർട്ടി അംഗത്വം എന്നത് ഒരു പാർട്ടി കുടുംബത്തിൽ നിന്നുള്ളവർക്ക് എത്രമാത്രം വലുതാണ് എന്ന് എന്നെ പോലെ ഉള്ളവർക്ക് ചിലപ്പോൾ ഉൾകൊള്ളാൻ കഴിയും.

നേതൃത്വത്തിലെ ചിലർ അവർ മാത്രം മതി ഈ പാർട്ടിയിൽ എന്ന രീതിയിൽ ആണ് മുന്നോട്ട് പോകുന്നത് അത് ഈ പാർട്ടിക്ക് നല്ലതല്ല അത് തിരുത്തണം എന്നോട് ചെയ്തത് പോലെ എത്രയോ പേർ ഇപ്പോഴും ഉണ്ട് പുറത്തു പറയാൻ മടിച്ചു. അവർക്കെങ്കിലും ഉപകാരപ്പെടട്ടെ . നാളെ മുതൽ എനിക്കില്ലാത്ത കുറ്റങ്ങൾ ഉണ്ടാവില്ല ഞാൻ അതൊക്കെ സ്വീകരിക്കാൻ തയ്യാറാണ് 12 വർഷം അനുഭവിച്ച തൊണ്ടയിലെ കനത്തിനേക്കാളും വരില്ല അത്. ഒരു ചോദ്യം ഇപ്പോഴും എന്തായിരുന്നു സഖാവേ എന്നെ മെമ്പർഷിപ്പിലേക്ക് തിരിച്ചെടുക്കാനുള്ള അയോഗ്യത???"

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം; ഒളിവിൽ‌ പോയ പ്രതിയെ പിടികൂടി പൊലീസ്
മദ്യദുരന്തത്തിൽ ഓർമ നഷ്ടമായി, അലഞ്ഞുതിരിഞ്ഞ് കേരളത്തിൽ; സൂരജിന്റെ മൃതദേഹം തിരിച്ചറിഞ്ഞത് ഡിഎൻഎ പരിശോധനയിൽ, അന്വേഷണത്തിന് പ്രത്യേക സംഘം