
തിരുവനന്തപുരം: രാജ്യത്ത് വാണിജ്യ എൽപിജി ക്ഷാമം രൂക്ഷമായി. കൊൽക്കത്ത, ചെന്നൈ, മുംബൈ നഗരങ്ങളിൽ പല ഹോട്ടലുകളും അടച്ചു. പ്രതിസന്ധി തുടർന്നാൽ റെസ്റ്റോറന്റ് മേഖലയ്ക്ക് പ്രതിദിനം 1,200 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി. ഗ്യാസ് കുറച്ച് മാത്രം വേണ്ട മെനുവിലേക്ക് പലയിടത്തും ഹോട്ടലുകൾ മാറി.
തിരുവനന്തപുരം നഗരത്തിലും വാണിജ്യ എൽപിജി ക്ഷാമം രൂക്ഷമായി തുടരുകയാണ്. തലസ്ഥാനത്ത് പല ഹോട്ടലുകളും പൂട്ടുന്ന സാഹചര്യത്തിലേക്കാണ് പോവുന്നത്. എട്ടു സിലിണ്ടറാണ് ഒരു ദിവസം ആവശ്യമായി വരുന്നതെന്നും നിലവിൽ അഞ്ചെണ്ണമാണ് ലഭ്യമാവുന്നതെന്നും തലസ്ഥാനത്തെ ഹോട്ടലുടമകൾ പറയുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഉണ്ടായിരുന്ന സ്റ്റോക്ക് കഴിഞ്ഞു. ഇനി മുന്നോട്ട് പോവാനാവില്ല. നഗരത്തിലുള്ള 1500 ഹോട്ടലുകളിൽ 50 എണ്ണം പൂട്ടിക്കഴിഞ്ഞു. സ്റ്റാഫുകൾ, ബാങ്ക് ലോൺ തുടങ്ങി പലവിധ പ്രശ്നങ്ങളും നിലവിലുണ്ട്. വിതരണം സ്റ്റോപ്പ് ചെയ്തിരിക്കുകയാണെന്നും അത്യാവശ്യത്തിന് മാത്രമായി നൽകണമെന്നുമാണ് ഏജൻസികൾക്ക് ലഭിച്ചിരിക്കുന്ന വിവരം. രണ്ടു ദിവസം കൂടി മുന്നോട്ട് പോവും. മറ്റു രാജ്യങ്ങളിൽ നിന്നെത്തിച്ച് വിതരണം ചെയ്യുമ്പോൾ ഒരു മാസത്തോളം സമയമെടുക്കും. ഇത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും. സർക്കാർ ഒന്നും പറയാത്ത സാഹചര്യമാണ്. വിറകടുപ്പിനുള്ള സാഹചര്യവും നിലവിലില്ലെന്നും ഹോട്ടലുടമകൾ പറയുന്നു.
അതേസമയം, കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി അടിയന്തിരമായി പ്രശ്നത്തിൽ ഇടപെടണമെന്ന് വിവിധ സംസ്ഥാനങ്ങളിലെ ഹോട്ടലുടമ സംഘടനകൾ ആവശ്യപ്പെട്ടു. പ്രശ്ന പരിഹാരത്തിന് തീവ്രശ്രമം നടക്കുന്നുവെന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലജെ വ്യക്തമാക്കി. ദൗർലഭ്യം പരിഹരിക്കുന്നതിനായി ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി കേന്ദ്രം പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam