വൈറൽ പ്രഖ്യാപനവുമായി അമ്പലവയലിലെ ഒരു പച്ചക്കറി വ്യാപാരി. തന്‍റെ പ്രിയപ്പെട്ട ടീം സ്പെയിൻ കപ്പിൽ മുത്തമിട്ടാൽ, നാളെ അമ്പലവയലിലെ തന്‍റെ നാട്ടുകാർക്ക് മന്തി വിരുന്നൊരുക്കുമെന്നാണ് പ്രഖ്യാപനം.
വയനാട്: ഫുട്ബോൾ ലോകകപ്പ് ആവേശത്തിനിടെ വൈറൽ പ്രഖ്യാപനവുമായി അമ്പലവയലിലെ ഒരു പച്ചക്കറി വ്യാപാരി. തന്‍റെ പ്രിയപ്പെട്ട ടീം സ്പെയിൻ കപ്പിൽ മുത്തമിട്ടാൽ, നാളെ അമ്പലവയലിലെ തന്‍റെ നാട്ടുകാർക്ക് മന്തി വിരുന്നൊരുക്കുമെന്നാണ് പ്രഖ്യാപനം.
ഫുട്ബോൾ ലോകകപ്പ് ആരവങ്ങൾക്കിടയിൽ അമ്പലവയൽ ടൗണിൽ ഇപ്പോൾ ചർച്ചാവിഷയം ഒരു പ്രത്യേക വാഗ്ദാനമാണ്. സ്പെയിൻ ടീമിന്റെ കടുത്ത ആരാധകനായ അമ്പലവയലിലെ പച്ചക്കറി വ്യാപാരി ഷജീർ സീസൺ ആണ് വേറിട്ട പ്രഖ്യാപനം നടത്തിയത്. തന്റെ പ്രിയപ്പെട്ട ടീം സ്പെയിൻ ഈ ലോകകപ്പിൽ ചാമ്പ്യന്മാരായാൽ, ടൗണിലെ മുഴുവൻ ആളുകൾക്കും താൻ മന്തി വിളമ്പുമെന്നാണ് ഷജീറിന്‍റെ ഉറപ്പ്.
സ്പെയിനിന്റെ ഓരോ വിജയത്തിലും തുടക്കം മുതൽ വലിയ ആവേശം പ്രകടിപ്പിച്ച ഷജീറിന്‍റെ വാഗ്ദാനം വെറും വാഗ്ദാനമായല്ല നാട്ടുകാർ കാണുന്നത്. തന്റെ ടീം കിരീടം നേടുമെന്ന അടിയുറച്ച വിശ്വാസത്തിലാണ് അദ്ദേഹം. ഏതായാലും ഈ മന്തി വാഗ്ദാനം ഇപ്പോൾ അമ്പലവയലുകാരുടെ ഫുട്ബോൾ ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ്. അമ്പലവയലുകാർക്ക് നാളെ ഫ്രീയായി മന്തി കഴിക്കാൻ സ്പെയിൻ കപ്പടിക്കുമോ? കാത്തിരിക്കാം ആവേശകരമായ ആ ഫൈനലിനായി.

