
തിരുവനന്തപുരം:ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്കരണങ്ങൾക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ രൂപീകരിച്ച മൂന്നു കമ്മീഷനുകളിൽ പെട്ട പരീക്ഷാ പരിഷ്കരണ കമ്മീഷൻ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. കമ്മീഷനംഗങ്ങളും ഓരോ സർവ്വകലാശാലയിലെയും വിവരവിനിമയ-സാങ്കേതിക വിദഗ്ദ്ധരും ചേർന്നുള്ള നിർവ്വഹണസമിതി രൂപീകരിച്ച് എത്രയും വേഗം റിപ്പോർട്ടിലെ നിർദ്ദേശങ്ങളുടെ നടത്തിപ്പിലേക്ക് കടക്കുമെന്ന് റിപ്പോർട്ട് ഏറ്റുവാങ്ങിയ ശേഷം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
ബിരുദ പരീക്ഷകളുടെ ഫലം ഒരു മാസത്തിനകം പ്രസിദ്ധീകരിക്കുകയും പരമാവധി പതിനഞ്ചു ദിവസത്തിനകം സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുകയും ചെയ്യുന്നതടക്കമുള്ള നിർദ്ദേശങ്ങളുള്ള സമഗ്രമായ റിപ്പോർട്ടാണ് സമർപ്പിക്കുന്നതെന്ന് കമ്മീഷൻ ചെയർമാൻ പ്രഫ. സി ടി അരവിന്ദകുമാർ (പ്രോ വൈസ് ചാൻസലർ, എം ജി സർവ്വകലാശാല) മന്ത്രിയെ അറിയിച്ചു.ചെയർമാനു പുറമെ, കമ്മീഷൻ അംഗങ്ങളായ ഡോ. കെ അനിൽകുമാർ (രജിസ്ട്രാർ, കേരള സർവ്വകലാശാല), ഡോ. എ പ്രവീൺ (രജിസ്ട്രാർ, കെ.ടി.യു), ഡോ. സി എൽ ജോഷി (മുൻ രജിസ്ട്രാർ, കലിക്കറ്റ് സർവ്വകലാശാല) എന്നിവരും ചേർന്നാണ് ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു സന്നിഹിതനായിരുന്നു.
ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്റെയും സർവ്വകലാശാലാ നിയമ പരിഷ്കരണ കമ്മീഷന്റെയും റിപ്പോർട്ടുകളും അന്തിമഘട്ടത്തിലാണെന്നും ഉടൻ ലഭിക്കുമെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിന് പ്രത്യേക കർമപദ്ധതി: മന്ത്രി ഡോ. ആർ. ബിന്ദു
സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ കാലത്തിനൊത്തു നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി പ്രത്യേക കർമ്മ പദ്ധതി നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ജൂലൈ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞു. കേരള സർവകലാശാലയ്ക്ക് നാക് A++ അംഗീകാരം ലഭിച്ചതിന്റെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മികവിന്റെ കേന്ദ്രങ്ങളായി മാറണമെന്ന് മന്ത്രി പറഞ്ഞു. സർവകലാശാലകൾ ഇതിന്റെ പതാകവാഹകരാകണം. ലോകമെമ്പാടും വൈജ്ഞാനിക മേഖലകളിൽ തമ്മിലുള്ള അതിർത്തികൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇതു പ്രകടമാണ്. സംസ്ഥാനത്തിൻറെ വിദ്യാഭ്യാസമേഖലയും ഇതിനൊപ്പം മാറേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിന്റെ ഭാഗമായാണ് ഉന്നതവിദ്യാഭ്യാസരംഗത്തെ ശാക്തീകരണ പദ്ധതി പ്രഖ്യാപിക്കുന്നത്. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തൽ, ഗവേഷണ നിലവാരം വർദ്ധിപ്പിക്കൽ, വൈജ്ഞാനിക സമൂഹമാക്കി സംസ്ഥാനത്തെ മാറ്റുന്നതിനുള്ള നടപടികൾക്ക് ആക്കം കൂട്ടൽ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാകും.
കേരള സർവകലാശാലയ്ക്ക് ലഭിച്ച നാക്ക് എപ്ലസ്പ്ലസ് അംഗീകാരം ഉന്നതവിദ്യാഭ്യാസരംഗത്ത് ശാക്തീകരണത്തിന് കൂടുതൽ കരുത്ത് പകരുന്നതാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. താണു പത്മനാഭന്റെ പേരിൽ കേരള സർവകലാശാലയിൽ ഇന്റർ ഡിസിപ്ലിനറി കേന്ദ്രം ആരംഭിക്കും. കേരള സർവകലാശാലയ്ക്ക് ലഭിച്ച അംഗീകാരം സംസ്ഥാനത്തെ മറ്റ് സർവകലാശാലകൾക്കും പ്രചോദനമാണ്. അംഗീകാരത്തിനായി പ്രയത്‌നിച്ച അധ്യാപകരെയും വിദ്യാർഥികളെയും സർവകലാശാല സിൻഡിക്കേറ്റിനെയും മന്ത്രി അനുമോദിച്ചു.
കാലിക്കറ്റ് സർവകലാശാലയുടെ ഉത്തരക്കടലാസുകൾ കാണാതായതിൽ സ്ഥിരീകരണം