'കമ്മീഷൻ തട്ടിയത് ഈജിപ്ഷ്യൻ പൗരൻ', ബ്രിട്ടാസ് പറഞ്ഞത് ഏറ്റു പറഞ്ഞതെന്ന് എ കെ ബാലൻ

By Web TeamFirst Published Aug 20, 2020, 5:03 PM IST
Highlights

കൈരളി ടിവിയിൽ ജോൺ ബ്രിട്ടാസ് നടത്തിയ വെളിപ്പെടുത്തലോടെ എല്ലാ വഴി വിട്ട നീക്കത്തിനും പിന്നിൽ യുഎഇ കോൺസുലേറ്റാണെന്ന് വരുത്തിത്തീർക്കാനാണ് സിപിഎം ശ്രമം. എന്നാൽ ലൈഫ് മിഷനും റഡ് ക്രസന്‍റും തമ്മിലുണ്ടാക്കിയ ധാരണാപത്രം ദുർബലമായിരുന്നു എന്നതിനെക്കുറിച്ച് സർക്കാർ മിണ്ടുന്നുമില്ല.

തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമാണത്തിൽ ലൈഫ് മിഷനും യുഎഇ റെഡ് ക്രസന്‍റുമായുള്ള ധാരണാപത്രത്തിൽ നിയമവകുപ്പ് എതിർപ്പറിയിച്ചിട്ടില്ലെന്ന് നിയമമന്ത്രി എ കെ ബാലൻ. ആവശ്യമെങ്കിൽ ഈ ധാരണാപത്രത്തെക്കുറിച്ച് സംസ്ഥാനസർക്കാർ അന്വേഷിക്കാൻ തയ്യാറാണ്. പരാതികൾ ഉയർന്നാൽ ധാരണാപത്രത്തിലും മാറ്റം വരുത്താൻ സർക്കാർ തയ്യാറാണെന്നും എ കെ ബാലൻ വ്യക്തമാക്കി. 

നിയമവകുപ്പ് ധാരണാപത്രത്തെക്കുറിച്ച് എതിർപ്പറിയിക്കുകയല്ല, ചില കാര്യങ്ങളിൽ വ്യക്തത തേടുക മാത്രമാണ് ചെയ്തത്. ലൈഫ് മിഷൻ വഴി വിദേശസഹകരണം ലഭിക്കുന്നതിൽ വിദേശമന്ത്രാലയത്തിന്‍റെ അനുമതി ആവശ്യമില്ലെന്നാണ് മന്ത്രിയുടെ നിലപാട്. ഈ ധാരണാപത്രം സർക്കാർ താത്പര്യത്തിന് വിരുദ്ധമായിരുന്നുവെന്ന് നിയമവകുപ്പ് പറഞ്ഞിട്ടില്ലെന്നും എ കെ ബാലൻ പറയുന്നു. അതേസമയം, യൂണിടാക് നൽകിയ കമ്മീഷൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന ഈജിപ്ഷ്യൻ പൗരൻ തട്ടിയെന്ന് കൈരളി ടിവിയിൽ ജോൺ ബ്രിട്ടാസ് നടത്തിയ വെളിപ്പെടുത്തൽ താൻ ആവർത്തിക്കുക മാത്രമാണ് ചെയ്തതെന്നും അത് തെറ്റാണെങ്കിൽ തെളിവ് കൊണ്ടുവരട്ടെയെന്നും ബാലൻ പറയുന്നു. 

പാവങ്ങൾക്ക് വീട് കിട്ടുന്നതിൽ പ്രതിപക്ഷത്തിന് അസൂയയാണെന്നാണ് മന്ത്രി എ കെ ബാലൻ പറയുന്നത്. യൂണിടാക് ആകെ കമ്മീഷൻ കൊടുത്തത് നാലേകാൽ കോടി രൂപയാണെന്നാണ് കൈരളി ചാനൽ എംഡി ജോൺബ്രിട്ടാസ് വൈകിട്ടത്തെ ചർച്ചയിൽ വെളിപ്പെടുത്തിയത്. എൻഫോഴ്സ്മെന്‍റ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് തന്‍റെ വെളിപ്പെടുത്തലെന്നാണ് ബ്രിട്ടാസിന്‍റെ വാദം. 

കമ്മീഷൻ പറ്റിയവരെയെല്ലാം നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരണമെന്ന് മന്ത്രി ആവശ്യപ്പെടുന്നു. ആവശ്യമെങ്കിൽ ഈ ധാരണാപത്രം സംസ്ഥാന സർക്കാർ അന്വേഷിക്കും. ലൈഫ് പദ്ധതികളെക്കുറിച്ച് ഒരു പൊതുനയം സർക്കാർ എടുത്തിട്ടുണ്ട്, എന്ന് മന്ത്രി. 

ശിവശങ്കറിനെക്കുറിച്ച് മനസ്സിലാക്കുന്നതിൽ സർക്കാർ വൈകിപ്പോയെന്ന് പറഞ്ഞ‌ മന്ത്രി, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെക്കുറിച്ച് പുതിയ ആരോപണവും ഉന്നയിച്ചു. 2014-ൽ ശിവശങ്കർ കെഎസ്ഇബി ചെയർമാൻ ആയിരിക്കേ ഒപ്പുവച്ച വൈദ്യുതി കരാർ സർക്കാരിന് അധികബാധ്യത വരുത്തി വയ്ക്കുന്നതായിരുന്നുവെന്നാണ് മന്ത്രിയുടെ പുതിയ ആരോപണം. 44,000 കോടിയുടെ അധിക ബാധ്യത ഉണ്ടാക്കുന്ന കരാറാണ് ശിവശങ്കർ ഒപ്പിട്ടത്. ഇത് ശരിയായിരുന്നോ എന്ന് യുഡിഎഫ് പറയട്ടെ, എന്നും മന്ത്രി പറയുന്നു. 

വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് നിയമവകുപ്പും തദ്ദേശവകുപ്പും സൂക്ഷിക്കുന്ന എല്ലാ ഫയലുകളും മുഖ്യമന്ത്രി വിളിച്ചുവരുത്തിയിട്ടുണ്ട്. ഇത് പരിശോധിച്ച് ഒരു അന്വേഷണത്തിലേക്ക് സർക്കാർ കടക്കുമെന്നാണ് ഇപ്പോഴത്തെ സൂചന.

സർക്കാർ ഭൂമിയിലെ ഫ്ലാറ്റ് നിർമ്മാണത്തിൽ സ്വപ്ന സുരേഷും ഈജിപ്ഷ്യൻ പൗരനുമെല്ലാം കോടിക്കണക്കിന് രൂപ കമ്മീഷൻ നേടാൻ ഇടയാക്കിയത് സ‍ർക്കാറിന്‍റെ പിടിപ്പ് കേട് മൂലമാണെന്ന് തെളിയിക്കുന്ന ധാരണാപത്രം പുറത്തുവന്നിരുന്നു. ലൈഫ് മിഷനും റെഡ് ക്രസന്‍റും തമ്മിലുണ്ടാക്കിയ ധാരണപത്രം അതീവദുർബലമാണ്. ഫ്ലാറ്റും ആശുപത്രിയും പണിയാമെന്ന് ധാരണയുണ്ടാക്കിയെങ്കിലും തുടർക്കരാറുകൾ ഒന്നും ഒപ്പിട്ടില്ല. യൂണിടാക്കിന് വർക്ക് ഓർഡർ നൽകിയതായും പറയുന്നില്ല. വിദേശസ്ഥാപനങ്ങളിൽ നിന്നും പണം സ്വീകരിക്കുമ്പോൾ കൈക്കൊള്ളേണ്ട മാനദണ്ഡങ്ങളും പാലിച്ചില്ല എന്നാണ് ധാരണാപത്രത്തിൽ നിന്ന് വ്യക്തമാകുന്നത്. 

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് രണ്ട് തവണ കമ്മീഷൻ വാങ്ങിയെന്ന് യൂണിടാക് അന്വേഷണ ഏജൻസികൾക്ക് മൊഴി നൽകിയിട്ടുണ്ട്. രണ്ടാം തവണ വാങ്ങിയ ഒരു കോടി രൂപ, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള കോഴയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചു. ഇരുപത് കോടി രൂപയുടെ പദ്ധതിയില്‍ നാല് കോടി 35 ലക്ഷം രൂപയും കോഴയായി നൽകേണ്ടി വന്നുവെന്നും യൂണിടാക് അന്വേഷണ ഏജൻസികള്‍ക്ക് മൊഴി നൽകിയിട്ടുണ്ട്.

click me!