
കൊച്ചി: ബലാത്സംഗ കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു (Vijay Babu) കീഴടങ്ങും എന്നാണ് പ്രതീക്ഷയെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു. നടന് മുന്നിൽ മറ്റ് വഴികളില്ല. വിജയ് ബാബു ദുബായിൽ ആണെന്ന് സ്ഥിരീകരിച്ചു. ഈ മാസം 24 നാണ് ബംഗളൂരുവില്‍ നിന്ന് വിജയ് ബാബു ദുബായിലേക്ക് കടന്നത്. സിസിടിവി ദൃശ്യങ്ങൾ മാത്രല്ല വേറെയും ശാസ്ത്രീയ തെളിവുകൾ ഉണ്ട്. പരാതിയിൽ പറയുന്ന കാര്യങ്ങൾ കഴമ്പുള്ളതെന്ന് ഓരോ നിമിഷവും തെളിയുന്നെന്നും കമ്മിഷണർ പറഞ്ഞു.
കേസില്‍ നിർണായക തെളിവുകൾ ശേഖരിച്ചെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. നടനും പരാതിക്കാരിയായ നടിയും കൊച്ചിയിലെ ആഡംബര ഹോട്ടലിൽ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലിൽ നിന്നാണ് നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. കഴിഞ്ഞ മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള തീയതികളിൽ അഞ്ച് സ്ഥലത്ത് തന്നെ വിജയ് ബാബു കൊണ്ടുപോയി എന്നാണ് പരാതിക്കാരിയുടെ മൊഴിയിൽ ഉള്ളത്.
മയക്കുമരുന്നും മദ്യവും നൽകി അർധബോധാവസ്ഥയിൽ വിജയ് ബാബു ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് പരാതിയിലുള്ളത്. പീഡനവിവരം പുറത്ത് പറഞ്ഞാൽ കൊല്ലും എന്നതടക്കമുള്ള ഭീഷണി തനിക്കുണ്ടായെന്നും നടിയുടെ പരാതിയിലുണ്ടായിരുന്നു. പീഡനപരാതി ബലപ്പെടുത്തുന്ന തരത്തിൽ ചലച്ചിത്ര പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും അടക്കം എട്ട് സാക്ഷികളുടെ മൊഴികളും പൊലീസിന് ലഭിച്ചു. അതേസമയം ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam