
കൊച്ചി: ബലാത്സംഗ കേസില്‍ ഒളിവില്‍ പോയ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ (Vijay Babu) അറസ്റ്റ് അനിവാര്യമാണെന്ന് കമ്മീഷണർ. പരാതി സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയെന്നും കമ്മീഷണര്‍ പറഞ്ഞു. പനമ്പള്ളിയിലെ ഹോട്ടലിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും തെളിവ് ശേഖരിച്ചു. കൂടുതല്‍ തെളിവുകള്‍ക്കായി പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. ഇരയെ ഭീഷണിപ്പെടുത്തിയതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കമ്മിഷണർ പറഞ്ഞു. സംഭവത്തില്‍ സിനിമ മേഖലയിൽ നിന്നുള്ള സാക്ഷികൾ ഉണ്ട്. ചില സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും കമ്മിഷണർ ഏഷ്യാനെറ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, വിജയ് ബാബുവിനെതിരെ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകി. നടൻ വിദേശത്തേക്ക് കടന്ന പശ്ചാത്തലത്തിലാണ് നടപടി. കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും രണ്ട് കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 13 മുതൽ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്ലാറ്റിലും ആഢംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി.
ഇക്കഴിഞ്ഞ 22 ന് എറണാകുളം സൗത്ത് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് എടുത്തതിന് പിറകെയാണ് വിജയ് ബാബു വിദേശത്തേക്ക് പോയത്. ഗോവയിൽ നടനുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അവിടെ എത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് പരാതിക്കാരിക്കെതിരെ സോഷ്യൽ മീഡിയിലൂടെ വിജയ് ബാബു ആരോപണം ഉന്നയിച്ചത്. ഇര താനാണെന്ന് പറഞ്ഞ വിജയ് ബാബു പരാതിക്കാരിയുടെ പേരും വെളിപ്പെടുത്തി. ഇത്തരം കേസുകളിൽ പരാതിക്കാരുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം നിലനിൽക്കെ നടൻ വിജയ് ബാബു സമൂഹമാധ്യമങ്ങളിലൂടെ പേര് പറഞ്ഞതിലും പോലീസ് കേസെടുത്തു.
ലഹരി വസ്തുക്കൾ നൽകി അർദ്ധബോധാവസ്ഥയിലാക്കിയാണ് തന്നെ വിജയ് ബാബു ബലാത്സംഗം ചെയ്തതെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്.രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോൾ സിനിമയിൽ കഥാപാത്രങ്ങള്‍ വാഗ്ദാനം ചെയ്തും നഗ്ന വീഡിയോ പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും വിജയ് ബാബു പീഡനം തുടർന്നതായും യുവതി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam