
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിലിൽ കയറി പൂജാരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തെന്ന പരാതിയിൽ റിപ്പോർട്ട് തേടി സിറ്റി പൊലീസ് കമ്മീഷണർ. പൂജാരിയെ കസ്റ്റഡിയിലെടുത്തതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഫോർട്ട് എസിപിക്ക് നിർദ്ദേശം നൽകി. തിരുവനന്തപുരം കുര്യാത്തിലെ മുത്തുമാരി അമ്മൻകോവിലിൽ നിന്ന് പോറ്റി അരുണിനെ പൂജയ്ക്കിടെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് പരാതി.
പൂന്തുറ ദേവി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണക്കേസിൽ ചോദ്യം ചെയ്യാനെന്ന് പറഞ്ഞാണ് പൂജാരിയെ കസ്റ്റഡിയിൽ എടുത്തത്. ഈ ക്ഷേത്രത്തിലെ മുൻ പൂജാരിയായിരുന്നു അരുൺ. ഇത് സംബന്ധിച്ച് ഇന്ന് രാവിലെ സ്റ്റേഷനിൽ ഹാജരായി വിവരങ്ങൾ നൽകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അരുൺ എത്തുന്നതിനായി കാത്തുനിൽക്കാതെ ഇന്നലെ വൈകിട്ടോടെ കോവിലിൽ നിന്ന് കസ്റ്റഡിയിൽ എടുത്തെന്നാണ് ആരോപണം. പരാതി ഉയർന്നതിന് പിന്നാലെ രാത്രി 8 മണിയോടെ അരുണിനെ തിരികെ കൊണ്ടുവിട്ടു. പൊലീസ് അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി അരുൺ പോറ്റിയും കോവിൽ ട്രസ്റ്റ് ഭാരവാഹികളും ഫോർട്ട് പൊലീസിൽ പരാതി നൽകിയിരുന്നു. ഫോർട്ട് എസിപിയെ നേരിൽ കണ്ടാണ് പരാതി നൽകിയത്. ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam