
തിരുവനന്തുപുരം: യുഡിഎഫ് നടത്തുന്ന വർഗീയ ധ്രുവീകരണം എന്തെന്ന് മനസിലാക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് ജയിച്ച ആളുകളുടെ പേര് പരിശോധിച്ച് നോക്കിയാൽ മതിയെന്ന് മന്ത്രി സജി ചെറിയാൻ. ആ സമുദായത്തിൽ അല്ലാത്തവർ ഈ സ്ഥലങ്ങളിൽ എവിടെ നിന്നാലും ജയിക്കില്ല. ഇങ്ങനെയാവണോ കേരളം എന്ന് ചിന്തിക്കണമെന്നും സജി ചെറിയാൻ പറഞ്ഞു. വടക്കേ ഇന്ത്യയിലെ പോലെ കേരളത്തെയും വർഗീയ വത്കരിക്കാനാണ് ശ്രമമെന്നാണ് മന്ത്രി പറഞ്ഞതെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ന്യായീകരിച്ചു.
"നിങ്ങൾ കാസർകോട് നഗരസഭ റിസൾട്ട് പരിശോധിച്ചാൽ മതി ആർക്കെല്ലാം എവിടെയെല്ലാം ഭൂരിപക്ഷമുണ്ടോ ആ സമുദായത്തിൽ പെട്ടവരേ ജയിക്കൂ. അങ്ങനെ കേരളം പോണോ? ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതല്ലേ സംഭവിക്കുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ ജയിച്ചു വന്നവരുടെ പേരെടുത്ത് വായിച്ചുനോക്ക്. എന്താണ് നമ്മുടെ രാജ്യത്തിന്‍റെ സ്ഥിതി. നിങ്ങളിത് ഉത്തർ പ്രദേശും മധ്യപ്രദേശുമാക്കാൻ നിൽക്കരുത്."- എന്നാണ് സജി ചെറിയാൻ പറഞ്ഞത്.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിണറായി വിജയൻ തന്നെ നയിക്കുമെന്നും ടേം ഇളവ് ചര്‍ച്ചയായിട്ടില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു. സിപിഎമ്മിന് കേരളത്തിൽ മൃദുഹിന്ദുത്വമെന്ന് ആരോപിക്കുന്നത് ആസൂത്രിതമാണെന്നും ഇത്തരം ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ദൃഢഹിന്ദുത്വമാണെന്നും എംഎ ബേബി പറഞ്ഞു. മുസ്ലിം- ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് എതിരായ അക്രമണങ്ങൾ രാജ്യത്ത് വർധിക്കുകയാണ്. ഹിന്ദുത്വ വർഗീയ സംഘങ്ങളാണ് ഇതിനുപിന്നിലുള്ളത്. ബിജെപി സര്‍ക്കാരുകളുടെ നിഷ്ക്രിയത്വമാണ് ഇതിന് കാരണമെന്നും എംഎ ബേബി ആരോപിച്ചു. ബംഗാളിൽ കോൺഗ്രസുമായുള്ള സഹകരണം ചർച്ച ചെയ്യും. അവിടുത്തെ സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കും. കേരളത്തിൽ ബിജെപിയെ ശക്തിപ്പെടുത്താൻ കോൺഗ്രസ് ശ്രമിക്കുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ തോല്പിക്കാൻ കോൺഗ്രസ്, ലീഗ്, ബിജെപി ഒന്നിച്ചു നിന്നു. അതുകൊണ്ടാണ് ബിജെപി പലയിടത്തും വിജയിച്ചത്. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ വിളിച്ചു പറയാൻ ഒരു ഉളുപ്പും ഇല്ലാത്ത നേതാക്കളാണ് കേരളത്തിലെ കോൺഗ്രസിലുള്ളത്. മൃദു ഹിന്ദുത്വ സമീപനമാണ് കേരളത്തിലെ ഇടതു സർക്കാരിനുള്ളത് എന്ന തോന്നൽ വരുത്താൻ ശ്രമങ്ങൾ നടക്കുന്നു. കേരളത്തിലെ ഇടതുപക്ഷത്തിന് മൃദുഹിന്ദുത്വം എന്ന് ആരോപിക്കുന്നവർക്ക് ദൃഡഹിന്ദുത്വമാണുള്ളത്. പത്തുവർഷം കേരളത്തിൽ വർഗീയ സംഘർഷം നടന്നിട്ടില്ലെന്നതിന്‍റെ ക്രെഡിറ്റ് ഇടതുപക്ഷത്തിന് മാത്രമാണ്. നവോത്ഥാന നായകന്മാരുടെ അടക്കം പ്രവർത്തനങ്ങളുടെ ഫലമാണിതെന്നും എം എ ബേബി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam