
തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക സർവകലാശാല എംബിഎ പരീക്ഷയിൽ ജയിച്ച വിദ്യാർത്ഥികളിൽ പലരും ഒരു ദിവസം കൊണ്ട് തോറ്റു. തെറ്റായ ഫലമാണ് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടതെന്നും സോഫ്റ്റ് വെയർ പിഴവ് മൂലമാണിതെന്നുമാണ് സർവകലാശാലയുടെ വിശദീകരണം.
ശാസ്ത്ര സാങ്കേതിക സർവകലാശാല എംബിഎ ആദ്യ സെമസ്റ്റര്‍ പരീക്ഷയുടെ ഫലം വ്യാഴാഴ്ച രാത്രി 8.20നാണ് പ്രസിദ്ധീകരിച്ചത്. സർവകലാശാല വെബ് സൈറ്റിൽ വന്ന ഫലം അനുസരിച്ച് പല കോളേജുകളിലും 90 മുതൽ 95 ശതമാനം വരെയായിരുന്നു ജയം. എന്നാല്‍, വിദ്യാർത്ഥികളുടേയും കോളേജ് അധികൃതരുടേയും സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. പുലർച്ചെ വെബ്സൈറ്റിൽ പുതിയ ഫലം പ്രത്യക്ഷപ്പെട്ടു. തലേന്ന് ജയിച്ച പലരും പിറ്റേന്ന് തോറ്റു.
പുതിയ ഫലപട്ടിക പ്രകാരം കോളേജുകളുടെ വിജയശതമാനം കുത്തനെ കുറഞ്ഞു. ആദ്യം പ്രസിദ്ധീകരിച്ചതല്ല രണ്ടാമത്തേതാണ് ശരിയായ ഫലമെന്ന് സർവകലാശാല പറയുന്നു. ഇന്റേണൽ പരീക്ഷാ ഫലം സോഫ്റ്റ് വെയറിൽ ചേർത്തതിലുണ്ടായ പിഴവാണ് ഇതിന് കാരണം. എന്നാൽ, ഫലം മാറിയതോടെ സർവകലാശാല ആസ്ഥാനത്ത് പരാതി പ്രളയമായി. പരാതിയുളളവർക്ക് പുനർമൂല്യനിർണ്ണയം നടത്താമെന്നാണ് സർവകലാശാലയുടെ നിലപാട്.
സർവകലാശാല ചട്ടപ്രകാരം പുനർമൂല്യനിർണ്ണയത്തിന് 5000 രൂപയാണ് ഫീസ്. സംഭവിച്ചതെന്തെന്ന് കൃത്യമായ മറുപടി നൽകാൻ പോലും സർവകലാശാല അധികൃതർ തയ്യാറായില്ലെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. സർവകലാശാലയുടെ നിരുത്തരവാദപരമായ നടപടിയാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്നും വിദ്യാർത്ഥികൾ കുറ്റപ്പെടുത്തുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam