പയ്യന്നൂരിലും ജ്വല്ലറി തട്ടിപ്പ്; അമാന്‍ ഗോള്‍ഡ് ജ്വല്ലറിക്കെതിരെ പരാതിയുമായി നിക്ഷേപകര്‍

By Web TeamFirst Published Nov 12, 2020, 12:40 PM IST
Highlights

അമാൻ ഗോൾഡിന്‍റെ എംഡി മൊയ്തു ഹാജിക്കെതിരെയാണ് കേസെടുത്തത്. ലാഭ വിഹിതം നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിച്ചെന്നതാണ് കേസ്. 
 

പയ്യന്നൂര്‍: കാസർകോട് ഫാഷൻ ഗോൾഡിന് പിന്നാലെ കണ്ണൂരിലും ജ്വല്ലറി നിക്ഷേപ തട്ടിപ്പ്.  പയ്യന്നൂർ പെരുമ്പയിലെ അമാൻ ഗോൾഡ് 35 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ പയ്യന്നൂർ പൊലീസ് മൂന്ന് കേസ് രജിസ്റ്റർ ചെയ്തു. 2016 മുതൽ 2019 വരെ പയ്യന്നൂരിലെ പെരുമ്പയില്‍ പ്രവർത്തിച്ച  അമാൻ ഗോൾഡിനെതിരെയാണ് നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതി വന്നത്. മൂന്ന് പേരുടെ പരാതിയിൽ ജ്വല്ലറി എംഡി പികെ മൊയ്തു ഹാജിക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.  

തൃക്കരിപ്പൂർ സ്വദേശി നൂറുദ്ദീനിൽ നിന്ന് 15 ലക്ഷം രൂപയും, കുഞ്ഞിമംഗലം സ്വദേശി ഇബ്രാഹിമിൽ നിന്ന് 20 ലക്ഷവും , പെരുമ്പ സ്വദേശി കുഞ്ഞാലിമയിൽ നിന്ന് മൂന്ന് ലക്ഷവും നിക്ഷേപമായി സ്വകീരിച്ചെന്നും വ്യവസ്ഥകൾ ലംഘിച്ച് പണം തിരിച്ച് നൽകാതെ വഞ്ചിച്ചുവെന്നുമാണ് പരാതി. പണത്തിന് പുറമെ സ്വർണവും നിക്ഷേപമായി വാങ്ങിയിട്ടുണ്ട്. നിക്ഷേപത്തിന് ഓരോ മാസവും ഒരു ലക്ഷത്തിന് ആയിരം രൂപ ഡിവിഡന്‍റ് തരാമെന്നും എപ്പോൾ വേണമെങ്കിലും പണത്തിന് തുല്ല്യമായ സ്വർണമെടുക്കാമെന്നും പറഞ്ഞാണ് നിക്ഷേപം വാങ്ങിയത്.

2019ൽ ജ്വല്ലറി അടച്ച ശേഷം നിക്ഷേപകർക്ക് പണം കിട്ടിയില്ല. തുടർന്ന് ജ്വല്ലറി എംഡി പികെ മൊയ്തു ഹാജി നേരിട്ടെത്തി പണം സാവധാനം നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും പണം കിട്ടാതെ വന്നതോടെയാണ് നിക്ഷേപകർ പൊലീസിനെ സമീപിച്ചത്. പണം നഷ്ടപ്പെട്ട 20 ഓളം പേർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പികെ മൊയ്തു ഹാജിയെ കൂടാതെയുള്ള അഞ്ച് ഡയറക്ടർ വിദേശത്താണുള്ളതെന്ന് പൊലീസ് പറയുന്നു. ഇത് തട്ടിപ്പല്ലെന്നും ജ്വല്ലറി നഷ്ടത്തിലായതാണ് പൂട്ടി പോകാൻ കാരണമെന്നുമാണ് ഉടമകളുടെ വിശദീകരണം. 
 

click me!