
ആലപ്പുഴ: മന്ത്രി ജി. സുധാകരനെതിരായ പരാതി ഒത്തുതീർപ്പാക്കാൻ വീണ്ടും അനുനയനീക്കവുമായി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം. പരാതിക്കാരിയുടെ ഭർത്താവായ മുൻ പഴ്സണൽ സ്റ്റാഫ് അംഗം കൂടി പങ്കെടുക്കുന്ന പുറക്കാട് ലോക്കൽ കമ്മിറ്റി യോഗം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പുരോഗമിക്കുകയാണ്. ഏതുവിധേയനയും പ്രശ്നം ഒത്തുതീർക്കണമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശം. ഇതേതുടർന്നാണ് അടിയന്തരമായി പുറക്കാട് ലോക്കൽ കമ്മിറ്റി വിളിച്ചുചേർത്തത്.
മന്ത്രി സുധാകരന്റെയുടെ രൂക്ഷമായ പ്രതികരണങ്ങളാണ് മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തെയും ഭാര്യയെയും ചൊടിപ്പിച്ചത്. നേരത്തെ ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ പ്രശ്നം ഒത്തുതീരുമെന്ന ഘട്ടമെത്തിയെങ്കിലും പരാതിക്കാരി പിൻമാറാൻ തയ്യാറായിരുന്നില്ല. പരാതിയിൽ ഉറച്ച് നിൽക്കുന്ന ഇവരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മന്ത്രി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ജാതീയമായ അധിക്ഷേപിച്ചെന്നുമുള്ള പരാതിയിൽ പറഞ്ഞ കാര്യങ്ങൾ യുവതി പൊലീസിനോടും ആവർത്തിച്ചു.
ആലപ്പുഴയിലെ വിഭാഗീയ നീക്കങ്ങൾ എല്ലാ പരിധികളും ലംഘിച്ചെന്നാണ് സംസ്ഥാന നേതൃത്തിന്‍റെ വിലയിരുത്തൽ. മന്ത്രി ജി. സുധാകരൻ ഒരുവശത്തും ആലപ്പുഴ സിപിഎമ്മിലെ പുതിയ ചേരി മറുവശത്തും ശക്തമായി നിലയുറപ്പിച്ചാണ് നീക്കങ്ങൾ. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം വിഭാഗീയ പ്രശ്നങ്ങളിൽ വിശദമായ ചർച്ചയാകാം എന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്.
അതേസമയം, ജി സുധാകരൻ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ തുടർനടപടിക്കായി അമ്പലപ്പുഴ പൊലീസ് നിയമോപദേശം തേടി. ഇതിനിടെ, മന്ത്രിയുടെ പേരിൽ കളർകോട് ക്ഷേത്രത്തിൽ ബിജെപി ജില്ലാ വൈസ് പ്രസിഡന്‍റ് എൽ.പി. ജയചന്ദ്രൻ വഴിപാട് നടത്തി. പാർട്ടിയിൽ വിഭാഗീയത രൂക്ഷമായ കാലത്ത് താൻ വി.എസിന് വേണ്ടിയും വഴിപാട് നടത്തിയിട്ടുണ്ടെന്ന് ബിജെപി നേതാവ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam