കൊവിഡ് രോഗിയായ മലയാളി നഴ്സിൻ്റെ ആത്മഹത്യ: ആശുപത്രിക്കെതിരെ കുടുംബം പരാതി നൽകി

By Web TeamFirst Published Jun 3, 2020, 9:24 PM IST
Highlights

മകളുടെ മരണത്തിന് ഉത്തരവാദികൾ മെദാന്ത ആശുപത്രിയാണെന്നും ആത്മഹത്യയിലെ ദുരൂഹത മാറ്റണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. 

ഗുരുഗ്രാം: കൊവിഡ് രോഗം ബാധിച്ച മലയാളി നഴ്സ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. ഗുരുഗ്രാമിലെ മെദാന്ത മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് ആത്മഹത്യ ചെയ്ത നഴ്സ് ബിസ്മിയുടെ കുടുംബം പരാതി നൽകിയത്. 

സാമൂഹിക പ്രവർത്തക എസ്. രമ വഴിയാണ് ഗുരുഗ്രാം പൊലീസ് കമ്മീഷണർക്ക് ബിസ്മിയുടെ അമ്മ പരാതി നൽകിയത്. മകളുടെ മരണത്തിന് ഉത്തരവാദികൾ മെദാന്ത ആശുപത്രിയാണെന്നും ആത്മഹത്യയിലെ ദുരൂഹത മാറ്റണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. 

മകൾ ആത്മഹത്യശ്രമം നടത്തിയ കാര്യമോ മറ്റു വിവരങ്ങളോ ആശുപത്രി കുടുംബത്തെ അറിയിച്ചില്ലെന്നും പരാതിയിലുണ്ട്. ഡ്യൂട്ടിക്കിടെ മകൾക്ക് പുറത്ത് നിന്ന് മുഖാവരണം  വാങ്ങേണ്ടി വന്നെന്നും ആശുപത്രി നഴ്സുമാരുടെ സുരക്ഷയ്ക്ക് നടപടി എടുത്തില്ലന്നും പരാതിയിൽ ആരോപിക്കുന്നു.

പുനലൂർ സ്വദേശിനിയായ ബിസ്മി സ്കറിയ എന്ന നഴ്സിന് കഴിഞ്ഞ മാസം 28-നാണ് കൊവിഡ് സ്ഥീരികരിച്ചത്. കൊവിഡ് ബാധിതയാണെന്ന് അറിഞ്ഞതോടെ ഇവർ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. സഹപ്രവർത്തകരാണ് ബിസ്മിയെ പിന്നീട് ആശുപത്രിയിലെത്തിച്ചത്. 

ഗുരുതരാവസ്ഥയിൽ രണ്ട് ദിവസം കഴിഞ്ഞ ശേഷമാണ് ബിസ്മി മരണപ്പെടുന്നത്. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് ബിസ്മിക്ക് രോഗം വന്നതെന്ന ആരോപണവുമായി കുടുംബം അപ്പോൾ തന്നെ രംഗത്തെത്തിയിരുന്നു. കൊവിഡ് ബാധിച്ചതിനാൽ പ്രാട്ടോകോൾ പ്രകാരം ഹരിയാനയിൽ തന്നെ മൃതദേഹം സംസ്കരിച്ചു. സംഭവത്തിൽ ഹരിയാന സർക്കാർ കേസ് എടുത്തിട്ടുണ്ട്. 

click me!