
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ കോൺഗ്രസ് അനുകൂല യൂണിയനെതിരെ പരാതി. ജീവനക്കാരുടെ ബാങ്ക് ശമ്പള അക്കൗണ്ടിൽ നിന്ന് 150 രൂപ പിരിച്ചെടുത്തു എന്നാണ് പരാതിയിൽ പറയുന്നത്. എസ്ബിഐ പുത്തൻ ചന്ത ബ്രാഞ്ചിൽ അക്കൗണ്ടുള്ള ജീവനക്കാരിൽ നിന്ന് തുക പിടിച്ച് ടിഡിഎഫ് അക്കൗണ്ടിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് ബാങ്കിന് കത്തയച്ച് സിഎംഡി. അനധികൃതമായി പണം പിൻവലിക്കുന്നത് നിർത്തണമെന്നും ജീവനക്കാരുടെ അനുവാദമില്ലാതെ പണം ടിഡിഎഫ് അക്കൗണ്ടിലേക്ക് മാറ്റരുതെന്നും സിഎംഡി ആവശ്യപ്പെട്ടു. തുടർന്ന് വിശദീകരണവുമായി ടിഡിഎഫ് രംഗത്തെത്തി. ജീവനക്കാരിൽ നിന്ന് അനുമതി പത്രം വാങ്ങിയിരുന്നു എന്നും അതിന് ശേഷമാണ് തുക പിരിച്ചതെന്നുമാണ് വിശദീകരണം. സിഎംഡിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയതിന്റെ പക വീട്ടലാണിതെന്നും ടിഡിഎഫ് ആരോപിച്ചു.
തന്നെ അഴിമതിക്കാരനെന്ന് ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുവെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. ഒരു വിഭാഗം ജീവനക്കാരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും അവരുടെ അജണ്ടകൾ പലതും നടക്കില്ലെന്ന് തോന്നലാണ് തനിക്കെതിരെ തിരിയാനുള്ള കാരണമെന്നും ബിജു പ്രഭാകർ കുറ്റപ്പെടുത്തി.
'കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ ഞാനുണ്ടാക്കിയതല്ല. കെഎസ് ആർടിസി എന്ന സ്ഥാപനം നന്നാകണമെങ്കിൽ അതിനുള്ളിൽ പ്രവർത്തിക്കുന്ന എല്ലാവരും പണിയെടുക്കണം. ഇപ്പോൾ നന്നായില്ലെങ്കിൽ കെഎസ്ആർടിസി പിന്നെ ഒരിക്കലും നന്നാകില്ലെന്നും ബിജു പ്രഭാകർ തുറന്നടിച്ചു. കെഎസ് ആർടിസിക്ക് വരുമാനമുണ്ടായിട്ടും ശമ്പളം നൽകുന്നില്ലെന്ന് പ്രചാരണം തെറ്റാണെന്നും യൂണിയനേക്കാൾ മുകളിൽ കുറെ പേർ പ്രവർത്തിക്കുന്നതാണ് യഥാർത്ഥ പ്രശ്നമെന്നും സിഎംഡി ആരോപിച്ചു. കെഎസ്ആർടിസി മാനേജ്മെന്റിനെ എതിർക്കുന്നവർ ഒരു ചായക്കട എങ്കിലും നടത്തി പരിചയമുള്ളവരാകണമെന്നും ബിജു പ്രഭാകർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam