'വ്യാജ വിദ്യാഭ്യാസ യോഗ്യത, സർക്കാരിനെയും ജനങ്ങളെയും വഞ്ചിച്ചു'; ഷാഹിദ കമാലിനെതിരെ ഡിജിപിക്ക് പരാതി

By Web TeamFirst Published Jun 27, 2021, 10:58 PM IST
Highlights

വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച് സർക്കാരിനെ വഞ്ചിച്ചുവെന്നാരോപിച്ച് സംസ്ഥാന വനിത കമ്മീഷൻ അംഗം ഷാഹിദ കമാലിന് എതിരെ പരാതി

തിരുവനന്തപുരം: വ്യാജ ഡോക്ടറേറ്റ് ആരോപണങ്ങളും വിവാദങ്ങളും അവസാനിക്കുന്നില്ല. വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച് സർക്കാരിനെ വഞ്ചിച്ചുവെന്നാരോപിച്ച് സംസ്ഥാന വനിത കമ്മീഷൻ അംഗം ഷാഹിദ കമാലിന് എതിരെ പരാതി. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി അഖില ഖാൻ ആണ് ഡിജിപിക്ക് പരാതി നൽകിയത്. വ്യാജ രേഖകളുടെ പിൻബലത്തിൽ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യതകൾ അവകാശപ്പെടുകയും അത് വഴി ജനങ്ങളെയും സർക്കാരിനെയും തെറ്റിധരിപ്പിക്കുകയാണ് ഷാഹിദാ കമാലെന്നും പരാതിയിൽ ആരോപിക്കുന്നു. 

ബികോം പരീക്ഷ പാസാകാത്ത ഷാഹിദാ കമാലിന് എങ്ങനെ ഡോക്ടറേറ്റ് ലഭിച്ചെുവെന്ന ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത യുവതിയുടെ ആരോപണത്തോടെയാണ് വിഷയം ചർച്ചയായത്. ഷാഹിദ കമാല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ബികോം പരീക്ഷ പാസായിട്ടില്ലെന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലായിരുന്നു ആരോപണം. 

2009 ലും 2011 ലും തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലും ബികോം ബിരുദം മാത്രമാണ് തന്‍റെ വിദ്യാഭ്യാസ യോഗ്യതയായി ഷാഹിദ സൂചിപ്പിച്ചിരിക്കുന്നത്. പക്ഷേ 1987- 90 കാലത്ത് അഞ്ചല്‍ സെന്‍റ് ജോണ്‍സ് കോളജില്‍ ബികോം പഠിച്ചെങ്കിലും പരീക്ഷ പാസായില്ലെന്ന് പിന്നാലെ ഫെയ്സ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ ഷാഹിദ വ്യക്തമാക്കുന്നു. ഭര്‍ത്താവിന്‍റെ മരണ ശേഷം വിദൂര വിദ്യാഭ്യാസത്തിലൂടെ ബികോമും പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയെന്നും അവകാശപ്പെടുന്നു. എന്നാല്‍ ഏതു വര്‍ഷമാണ് ഈ ബിരുദങ്ങള്‍ നേടിയതെന്നോ ഏതു സര്‍വകലാശാലയില്‍ നിന്നാണ് ബിരുദമെന്നോ വീഡിയോയില്‍ ഷാഹിദ വിശദീകരിച്ചിട്ടില്ല. ഇന്‍റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് തനിക്ക് ഡിലിറ്റ് ബിരുദം ലഭിച്ചതെന്നാണ് ഷാഹിദയുടെ വിശദീകരണം. 

click me!