'ക്വട്ടേഷൻ കേസിന്റെ മറപിടിച്ച് സിപിഎമ്മിനെതിരെ അപവാദ പ്രചാരണം', വിമർശനം കടുപ്പിച്ച് പി ജയരാജൻ

Published : Jun 27, 2021, 10:37 PM ISTUpdated : Jun 27, 2021, 11:02 PM IST
'ക്വട്ടേഷൻ കേസിന്റെ മറപിടിച്ച് സിപിഎമ്മിനെതിരെ അപവാദ  പ്രചാരണം', വിമർശനം കടുപ്പിച്ച് പി ജയരാജൻ

Synopsis

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയർന്ന് വന്നവരുടെ 3-4 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ നേരത്തേ ഇട്ട പോസ്റ്റുകളും എടുത്ത് പാര്‍ട്ടിയെ കടന്നാക്രമിക്കുകയാണെന്നും ജയരാജൻ വിമർശിക്കുന്നു.

കണ്ണൂർ:ക്വട്ടേഷൻ കേസിന്റെ മറപിടിച്ച് സിപിഎമ്മിനെതിരെ അപവാദ  പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് പി ജയരാജൻ. ക്വട്ടേഷൻ കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്ത് വന്നവരെ വർഷങ്ങൾക്ക് മുമ്പ് പാർട്ടി പുറത്താക്കിയതാണെന്നും കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്ന പോലുള്ള പ്രാകൃത രീതിയാണ് സിപിഎമ്മിനെതിരെയും നടത്തുന്നതെന്നുമാണ് വിമർശനം. 

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയർന്ന് വന്നവരുടെ 3-4 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ നേരത്തേ ഇട്ട പോസ്റ്റുകളും എടുത്ത് പാര്‍ട്ടിയെ കടന്നാക്രമിക്കുകയാണെന്നും ജയരാജൻ വിമർശിക്കുന്നു. ക്വട്ടേഷന് രാഷ്ട്രീയമില്ലെന്നും മാധ്യമങ്ങളെയടക്കം വിമർശിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. 


ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം 

രാമനാട്ടുകര വാഹനാപകടം വെളിപ്പെടുത്തിയ സ്വര്‍ണ്ണക്കടത്ത് തട്ടിപ്പറി കേസില്‍ സിപിഐ എം വെട്ടിലായി എന്നാണ് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തത്.ഈ കേസിന്‍റെ മറപിടിച്ച് പാര്‍ട്ടിക്കെതിരെ സംഘടിതമായ അപവാദ പ്രചരണങ്ങള്‍ നടക്കുകയാണ്.
ഇപ്പോള്‍ ഈ കേസിന്‍റെ ഭാഗമായി പുറത്ത് വന്നിട്ടുള്ള പേരുകാർ മൂന്നോ നാലോ വര്‍ഷം മുന്‍പ് എടുത്ത ഫോട്ടോകള്‍ അവതരിപ്പിച്ചുകൊണ്ടാണ് ഈ പാര്‍ട്ടിവിരുദ്ധ  പ്രചാരവേല.ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ടയാൾ,അയാൾ വഴി തെറ്റി എന്ന് പറയുന്നതിന് പകരം അവരുടെ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്ന പ്രാകൃത രീതിയാണ് വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും തുടരുന്നത് എന്ന് പറയാതെ വയ്യ.
ഇപ്പോള്‍ കുറ്റാരോപിതരായവരെ പേരെടുത്ത് പറഞ്ഞുകൊണ്ട് തന്നെ തള്ളിപ്പറയാനും കര്‍ശന നടപടിക്ക് വിധേയമാക്കാനും അധികാരികളോട് ആവശ്യപ്പെട്ട പാര്‍ട്ടിയാണ് സിപിഐ എം.അപ്പൊഴാണ് 3-4 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഫോട്ടൊകളും സോഷ്യല്‍ മീഡിയയില്‍ നേരത്തേ ഇട്ട പോസ്റ്റുകളും എടുത്ത് പാര്‍ട്ടിയെ കടന്നാക്രമിക്കുന്നത്..മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി പാര്‍ട്ടി മെമ്പര്‍മാരോ അനുഭാവികളോ തെറ്റായ കാര്യത്തില്‍ ഏര്‍പ്പെട്ടാല്‍ അതിനെ തള്ളിപ്പറയാന്‍ പാര്‍ട്ടി തയ്യാറായിട്ടുണ്ട്.
ഇപ്പോഴത്തെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന അഴീക്കോട്ടെ യുവാവിനെ 4 വര്‍ഷം മുന്‍പ് ഡി വൈ എഫ് ഐ യില്‍ നിന്ന് ഒഴിവാക്കിയതാണ്.തില്ലങ്കേരി സ്വദേശിയെ ഷുഹൈബ് വധക്കേസിനെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയതാണ്.
ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയമില്ല.എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള അത്യാര്‍ത്തി മൂലം ചിലര്‍ തെറ്റായ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നുണ്ട്.
ഇത്തരക്കാരോടുള്ള കര്‍ശന നിലപാട് പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയതാണ്.
ഇത്തരം നിലപാട് ബിജെപിയോ കോണ്‍ഗ്രസ്സോ സ്വീകരിക്കാറില്ല.2013 ല്‍ വെണ്ടുട്ടായി ക്വട്ടേഷന്‍ സംഘത്തെ പറ്റി പ്രത്യേക സപ്ലിമെന്‍റ് മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു.ഒക്റ്റോബര്‍ 23 ന്‍റെ ആ സപ്ലിമെന്‍റിന്‍റെ തലക്കെട്ട് "ഖദറിട്ട പ്രമുഖന്‍റെ ഗുണ്ടാരാജ്" എന്നായിരുന്നു.അന്ന് യു ഡി എഫായിരുന്നു  ഭരണത്തില്‍.ചില ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് ബ്ലേഡ്-ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്നും ഈ സംഘത്തിന് താലിബാന്‍ മോഡല്‍ മര്‍ദ്ദന കേന്ദ്രമുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇപ്പോള്‍ ഈ ടീം അറിയപ്പെടുന്നത് പുത്തന്‍കണ്ടം ക്വട്ടേഷന്‍ ടീം എന്നാണ്.കോണ്‍ഗ്രസ്സ് നേതൃത്വത്തിന്‍റെ സംരക്ഷണയില്‍ ഉള്ള ആര്‍ എസ് എസ് ക്രിമിനലുകള്‍.ഈ സംഘത്തെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ്സോ ആര്‍ എസ് എസോ അന്നും ഇന്നും തയ്യാറായിട്ടില്ല.പണം ആവശ്യപ്പെട്ട് തീക്കുണ്ഡത്തിന് മുകളില്‍ നിര്‍ത്തുന്ന ക്രൂരതയെ കുറിച്ച് ആ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.ഇവരെ കുറിച്ച് പരാതി നല്‍കിയിരുന്നെങ്കിലും അന്ന് യാതൊരു നടപടിയും ഉണ്ടായിരുന്നില്ല.
ക്വട്ടേഷന്‍/മാഫിയ സംഘങ്ങള്‍ക്കെതിരായി ഉറച്ച നടപടിയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.സിപിഐ എമ്മും ഇത്തരം സംഘങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്താന്‍ ശ്രമിച്ചിട്ടുണ്ട്.2015 സെപ്തംബര്‍ 30 ന് പിണറായി പുത്തന്‍കണ്ടത്ത് തന്നെ വലിയ ബഹുജന പ്രതിഷേധ പരിപാടി പാർട്ടി സംഘടിപ്പിച്ചിരുന്നു.
ക്വട്ടേഷന്‍ -ലഹരി മാഫിയക്കെതിരെ ഡി വൈ എഫ് ഐ യും ജനങ്ങളെ ബോധവാന്‍മാരാക്കുന്ന നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.ഏറ്റവും ഒടുവില്‍ 2021 ഫെബ്രുവരിയില്‍ ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റി തന്നെ രണ്ട് കാല്‍നട പ്രചരണ ജാഥകള്‍ സംഘടിപ്പിച്ചു.2021 ജനുവരിയിൽ  ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടർന്ന്  ഇത്തരം ആളുകളെ തള്ളിപ്പറഞ്ഞുകൊണ്ട് കൂത്തുപറമ്പ് മൂന്നാം പീടികയില്‍ സിപിഐ എം പ്രതിഷേധ പരിപാടിയും പൊതുയോഗവും സംഘടിപ്പിച്ചു..
ഒരു ഭാഗത്ത് ഇത്തരം സാമൂഹ്യവിരുദ്ധ സംഘങ്ങളെ തങ്ങളുടെ ചിറകിനകത്ത് ഒളിപ്പിക്കുന്ന സംഘപരിവാരവും കോണ്‍ഗ്രസ്സുമാണ് ഇത്തരക്കാര്‍ക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്ന സിപിഐ എമ്മിനെ കുറ്റപ്പെടുത്താൻ  ശ്രമിക്കുന്നത്.
കോണ്‍ഗ്രസ്സിന്‍റെയും സംഘപരിവാറിന്‍റേയും ഈ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്..
ക്വട്ടേഷന്‍/മാഫിയാ സംഘങ്ങളെ ഒറ്റപ്പെടുത്തുന്നതിന് ജൂലൈ 5 ന് നടക്കുന്ന  ക്യാമ്പയിനില്‍ എല്ലാവരും പങ്കെടുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
(2013 ലെ മനോരമ മെട്രോയുടെ സപ്ലിമെന്റും അതോടനുബന്ധിച്ചുള്ള പത്ര വാർത്തകളും ചുവടെ )

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ദിലീപ് തെറ്റുകാരനല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കിൽ അത് കോടതിയുടെ ബോധ്യം': കോടതിയോട് ബഹുമാനമെന്ന് സത്യൻ അന്തിക്കാട്
പി ടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി; വിഷയം അക്കാദമിക്ക് മുന്നിലെത്തി; പരാതി കിട്ടിയിരുന്നുവെന്ന് കുക്കു പരമേശ്വരൻ