
മലപ്പുറം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ പരാതിയില്‍ മുന്‍ മന്ത്രി കെ ടി ജലീലിന്‍റെ വിശദ മൊഴി അന്വേഷണ സംഘം രേഖപ്പടുത്തി. കെ ടി ജലീലിന്‍റെ വീട്ടിൽ എത്തിയാണ് അന്വേഷണ സംഘം മൊഴി എടുത്തത്. സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ പിന്നിലെ ബുദ്ധികേന്ദ്രം ആരെന്ന് അന്വേഷിക്കണമെന്നാണ് ജലീലിന്‍റെ ആവശ്യം. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ഇലക്ട്രോണിക് തെളിവുകൾ പരിശോധിച്ച് സത്യം പുറത്ത് കൊണ്ടുവരണമെന്നും കെ ടി ജലീൽ ആവശ്യപ്പെടുന്നു.
അതേസമയം, കെ ടി ജലീലിന്‍റെ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് രാവിലെ ഹർജി പരിഗണിക്കുക. രഹസ്യമൊഴി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിറകിലെന്നും കലാപശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നുമാണ് സ്വപ്ന സുരേഷിന്‍റെ വാദം. മുഖ്യമന്ത്രിയും കുടുംബവും മുൻ മന്ത്രിമാരും അടക്കം കോൺസുലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ കോടതിയിൽ പറഞ്ഞതിലുള്ള പ്രതികാരമാണ് കേസിന് പിറകിലെന്നും മൊഴി തിരുത്താൻ മുഖ്യമന്ത്രിയിൽ നിന്നടക്കം ഭീഷണിയുണ്ടെന്നും ഹർജിയിൽ സ്വപ്ന ആരോപിച്ചിട്ടുണ്ട്.
കെ ടി ജലീലിനെതിരായ വെളിപ്പെടുത്തൽ ഉടനെന്ന് സ്വപ്ന
കെ ടി ജലീലിനെതിരായ വെളിപ്പെടുത്തൽ ഉടനുണ്ടാകുമെന്നാണ് സ്വപ്ന സുരേഷ് പറയുന്നത്. പൊലീസ് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. എല്ലാം ഉടൻ തുറന്ന് പറയുമെന്നും സ്വപ്ന കൊച്ചിയിൽ അഭിഭാഷകനെ കണ്ട് തിരികെ പോകവേ സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി നാലോ അഞ്ചോ മണിക്കൂർ എന്തിനാണ് ഷാജ് കിരണിനെപ്പോലെ ഒരു ഫ്രോഡിനൊപ്പം ചിലവഴിച്ചതെന്ന് സ്വപ്ന സുരേഷ് ചോദിക്കുന്നു. മുൻ വിജിലൻസ് മേധാവി എം ആർ അജിത് കുമാർ എന്തിനാണ് 36 തവണ ഷാജ് കിരണിനെ വിളിച്ചത്? പൊലീസ് തനിക്ക് പിന്നാലെ എവിടെപ്പോയി, എന്തിന് പോയി എന്നെല്ലാം ചോദിച്ച് കയറിയിറങ്ങി നടക്കുകയാണെന്നും, അതിനാലാണ് കേന്ദ്രസംരക്ഷണം ആവശ്യപ്പെട്ടതെന്നും സ്വപ്ന.
Also Read: 'കെ ടി ജലീലിനെതിരായ വെളിപ്പെടുത്തൽ ഉടൻ, ഷാജ് ഫ്രോഡ്, വിജയ് സാഖറെയ്ക്കും പങ്ക്', സ്വപ്ന
Also Read: 'പരാതിക്ക് പിന്നിൽ ജലീലും പൊലീസും', ഗൂഢാലോചന കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് സ്വപ്‍ന
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam