
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് (Swapna Suresh) ജോലി ചെയ്യുന്ന എച്ച് ആർ ഡി എസ് (HRDS) എന്ന കമ്പനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി. എച്ച്ആർഡിഎസിന്റെ ഫൗണ്ടർ സെക്രട്ടറി അജി കൃഷ്ണന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. കടവന്ത്ര സ്വദേശി സിപി ദിലീപ് നായരാണ് വിജിലൻസ് ഡയറക്ടർക്കും ലോ ആൻഡ് ഓർഡർ എഡിജിപിക്കും പരാതി നൽകിയത്.
സൗദി അറേബ്യയിൽ നിന്നും കമ്പനി നടത്തിയ ഇറക്കുമതിയിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നാണ് ആരോപണം. അജികൃഷ്ണൻ ക്രമക്കേടുകൾ നടത്തിയെന്ന് നേരത്തെ എച്ച് ആർ ഡി എസ് മുൻ ചെയര്‍മാൻ എസ് കൃഷ്ണകുമാറും ആരോപിച്ചിരുന്നു.
സ്വപ്നയും ഷാജ് കിരണും തമ്മിലുള്ള സംഭാഷണത്തിൻ്റെ ശബ്ദരേഖ ഇന്ന് മൂന്ന് മണിക്ക് പുറത്തു വിടും
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ കറൻസി കടത്തെന്ന വലിയ ആരോപണമുന്നയിച്ചത് പിന്നാലെയാണ് സ്വപ്ന സുരേഷും അവര്‍ ജോലി ചെയ്യുന്ന സ്ഥാപനവും വീണ്ടും വാര്‍ത്തകളിലിടം പിടിച്ചത്. ആര്‍എസ്എസ് നിയന്ത്രിക്കുന്ന സ്ഥാപനമെന്ന ആക്ഷേപം നേരത്തെ തന്നെ ഈ കമ്പനിക്കെതിരെയുണ്ട്. ഇവരുടെ നിയന്ത്രണത്തിലാണ് സ്വപ്നയെന്നാണ് ഇടത് നേതാക്കളടക്കം ഉന്നയിക്കുന്ന ആക്ഷേപം. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണ് മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുന്നയിച്ച് സ്വപ്ന രംഗത്തെത്തിയതെന്നാണ് ഇടത് നേതാക്കൾ പ്രതിരോധത്തിനുപയോഗിക്കുന്ന വാദം. പുതിയ പരാതി ലഭിച്ചതോടെ സ്ഥാപനത്തിനെതിരായ നടപടിയിലേക്ക് നീങ്ങാനാകും പൊലീസ് നീക്കം.
അതേ സമയം, രഹസ്യമൊഴി മാറ്റാൻ മുഖ്യമന്ത്രിയ്ക്ക് വേണ്ടി ഇടനിലക്കാരൻ സമീപിച്ചെന്ന സ്വപ്‍ന സുരേഷിന്‍റെ വെളിപ്പെടുത്തൽ വന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും ആരോപണവിധേയനെതിരെ പൊലീസ് നടപടിയെടുത്തിട്ടില്ല. മുൻ മാധ്യമ പ്രവർത്തകനായ ഷാജ് കിരൺ ആരോപണം തള്ളിയിട്ടുണ്ടെങ്കിലും സ്വപ്‍നയെ കണ്ടത് ശരിവെച്ചിരുന്നു. പൊലീസിന് മുന്നിൽ എല്ലാം വെളിപ്പെടുത്താമെന്ന് ഷാജ് കിരൺ തന്നെ വ്യക്തമാക്കിയിട്ടും മൊഴി എടുക്കാതെ ഒളിച്ചുകളിക്കുകയാണ് ഇപ്പോഴും പൊലീസ്.
മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ദൂതനെന്ന് പരിചയപ്പെടുത്തി ഷാജ് കിരൺ സമീപിച്ചെന്നും മൊഴി മാറ്റിയില്ലെങ്കിൽ ദീർഘകാലം ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു സ്വപ്‍നയുടെ വെളിപ്പെടുത്തൽ. വിജിലൻസ് മേധാവി എം.ആർ.അജിത് കുമാർ, ലോ ആന്‍റ് ഓർഡർ എഡിജിപി എന്നിവരുമായി ഇയാൾ നിരന്തരം സംസാരിച്ചെന്ന ആരോപണവും സ്വപ്‍ന ഉന്നയിച്ചു. സർക്കാറിനെയും പൊലീസിനെയും പ്രതികൂട്ടിലാക്കുന്ന ആരോപണം പുറത്ത് വന്ന് ഒരു ദിവസമായിട്ടും ദൂതനായി എത്തിയ ഷാജ് കിരണിന്‍റെ മൊ ഴി എടുക്കാൻ പോലും പൊലീസ് തയ്യാറായിട്ടില്ല. ആരോപണത്തിന്‍റെ വാസ്തവം പുറത്ത് കൊണ്ടുവരേണ്ടത് പൊലീസ് ആണ്. അന്വേഷണവുമായി സഹകരിക്കാമെന്ന് ഷാജ് കിരൺ വ്യക്തമാക്കിയിട്ടുണ്ട്.