പടന്ന യുപി സ്കൂളിൽ അധ്യാപകൻ വിദ്യാർഥിനിയെ ക്രൂരമായി മർദിച്ചെന്ന് പരാതി,നിഷേധിച്ച് സ്കൂൾ,പൊലീസന്വേഷണം തുടങ്ങി

By Web TeamFirst Published Aug 10, 2022, 6:51 AM IST
Highlights

ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കിയെന്നും പുറത്ത് ഇടിച്ചു എന്നുമാണ് പരാതി

കാസര്‍കോട്: കാസർകോട് പടന്ന സർക്കാർ യു പി സ്കൂളിലെ അധ്യാപകന്‍‍ വിദ്യാര്‍ഥിനിയെ ക്ലാസിൽ വച്ച് ക്രൂരമായി മര്‍ദിച്ചതായി പരാതി. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കിയെന്നും പുറത്ത് ഇടിച്ചു എന്നുമാണ് പരാതി. പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തു.

കഴിഞ്ഞ മാസം 19 നാണ് പടന്ന സർക്കാർ യു പി സ്കൂളില്‍ പഠിക്കുന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ആണ് മർദനമേറ്റത്. കണക്ക് തെറ്റിച്ചതിന് അധ്യാപകന്‍ മനോജ് മര്‍ദിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു.

കുട്ടിക്ക് കഴുത്തിന് കടുത്ത വേദന ഉണ്ട് . ഒപ്പം പനിയും ഛര്‍ദിയും. ഇപ്പോഴും കഴുത്തിന്‍റെ വേദന മാറിയിട്ടില്ലെന്ന് 12 വയസുകാരിയായ വിദ്യാർഥി പറയുന്നു.

അധ്യാപകനെ സ്ഥലം മാറ്റാമെന്ന മധ്യസ്ഥരുടെ ഉറപ്പില്‍ പൊലീസില്‍ പരാതി നല്‍കിയില്ലെന്നും നടപടിയുണ്ടാകാത്തതിനാല്‍ പിന്നീട് ബാലാവകാശ കമ്മീഷനിലും പൊലീസിലും പരാതി നല്‍കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോപണ വിധേയനായ അധ്യാപകൻ ഇപ്പോൾ മെഡിക്കല്‍ ലീവിലാണ്. അധ്യാപകന്‍ മര്‍ദിച്ചിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം.

വീണ്ടും ആ സ്കൂളിലേക്ക് പോകാന്‍ പേടിയാണെന്ന് വിദ്യാര്‍ഥിനി പറയുന്നു. ഇതോടെ കഴിഞ്ഞ ദിവസം സ്കൂളില്‍ നിന്ന് ടി സി വാങ്ങി മറ്റൊരു സ്കൂളില്‍ ചേര്‍ത്തു.അധ്യാപകനെതിരെ കര്‍ശന നടപടി വേണമെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെടുന്നത്.

ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; അധ്യാപക സംഘടനാ നേതാവിനെതിരെ പോക്സോ കേസ്

കട്ടപ്പന (ഇടുക്കി): ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ കേസ്. കട്ടപ്പന പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലാണ് സംഭവം. ഈട്ടിത്തോപ്പ് പിരിയംമാക്കല്‍ ഷെല്ലി ജോര്‍ജിനെതിരെയാണ് കേസ്. ദൂരസ്ഥലത്തുനിന്നും വന്ന് ഹോസ്റ്റലില്‍ നിന്നു പഠിക്കുന്ന വിദ്യാര്‍ഥിനിയുടെ ശരീരത്തില്‍ പ്രതി കടന്നു പിടിച്ചതായി പരാതിയില്‍ പറയുന്നു.

വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കട്ടപ്പന പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയിരിക്കുകയാണ്. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയുടെ നേതൃനിരയിലുള്ള ഭാരവാഹിയാണ് ഷെല്ലി ജോര്‍ജ്. അതേസമയം, പെൺകുട്ടിയെ ഇയാൾ പലതവണ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് ആരോപണം.  മുന്‍പ് ബസ് യാത്രയ്ക്കിടയില്‍ യാത്രക്കാരിയോട് സമാന രീതിയില്‍ പെരുമാറിയതിന് ഷെല്ലി ജോര്ജിനെതിരെ എരുമേലി പൊലീസില്‍ പരാതി ലഭിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ  സംഘടനാ സ്വാധീനത്താല്‍ പരാതി ഒത്തു തീര്‍ക്കുകയായിരുന്നു. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

click me!