
കാലടി: കാലടി സംസ്കൃത സർവ്വകലാശാലയില്‍ അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വിദ്യാർത്ഥികളെ കബളിപ്പിച്ചതായി പരാതി. എംപിഇഎഡിന് ചേർന്ന 37 വിദ്യാർത്ഥികളുടെ ഭാവിയാണ് തുലാസിലായത്. ഇവരെ മറ്റൊരു കോഴ്സിലേക്ക് മാറാൻ സർവ്വകലാശാല നിർബന്ധിക്കുന്നുവെന്നാരോപിച്ച് വിദ്യാർത്ഥികള്‍ സർവ്വകലാശാല രജിസ്ട്രാറെ ഉപരോധിച്ചു. കായിക അധ്യാപകരാകാനുള്ള യോഗ്യത നല്‍കുന്ന മാസ്റ്റർ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷൻ എന്ന പിജി കോഴ്സിനാണ് അംഗീകാരം നഷ്ടമായത്. 2013 മുതലാണ് കാലടി സർവ്വകലാശാലയില്‍ കോഴ്സ് ആരംഭിക്കുന്നത്. കഴിഞ്ഞവർഷം ഫെബ്രുവരിയില്‍ ഈ കോഴ്സ് നിർത്തലാക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് സർവ്വകലാശാലയോട് നിർദ്ദേശിച്ചിരുന്നു. ആവശ്യത്തിന് അധ്യാപകരോ പരിശീലന സൗകര്യങ്ങളോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഈ വിവരം മറച്ചുവെച്ചു കൊണ്ടാണ് മാർച്ചില്‍ ഇതേ കോഴ്സില്‍ സർവ്വകലാശാല വീണ്ടും അഡ്മിഷൻ നടത്തിയത്.
നാക് അക്രഡിറ്റേഷനുള്ള പ്രവർത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് വിദ്യാർത്ഥികള്‍ ഇക്കാര്യം മനസ്സിലാക്കുന്നത്. ഇതോടെ മാസ്റ്റർ ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷൻ ആൻഡ് സ്പോർട്സ് എന്ന നോണ്‍ പ്രൊഫഷണല്‍ കോഴ്സിലേക്ക് മാറണമെന്ന് സർവ്വകലാശാല വിദ്യാർത്ഥികളോട് ആവശ്യപ്പെടുകയായിരുന്നു. ഈ കോഴ്സ് പഠിക്കുന്നവർക്ക് കായിക അധ്യാപകരാകാനുള്ള യോഗ്യത കിട്ടില്ല. കോഴ്സ് മാറാൻ തയാറാകാത്തവർക്ക് പഠനം മതിയാക്കിപ്പോകാമെന്ന് യൂണിവേഴ്സിറ്റി അധികൃതർ ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥികള്‍ ആരോപിക്കുന്നു.ഓരോ സെമസ്റ്ററിലും പതിനായിരം രൂപ വീതം ഫീസ് ഈടാക്കിയാണ് സർവ്വകലാശാല കോഴ്സ് നടത്തിയിരുന്നത്. വൈസ് ചാൻസിലർ വിദ്യാർത്ഥികളുമായി ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. വിഷയത്തില്‍ കെഎസ്‍യു പ്രവർത്തകർ ഗവർണർക്ക് പരാതി നല്‍കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam