
തൃശ്ശൂർ: ക്ഷേത്രത്തിന് ദാനം നൽകിയ ഭൂമി ദേവസ്വം ഉദ്യോഗസ്ഥൻ കൈക്കലാക്കിയെന്ന് പരാതി. കൊച്ചിൻ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ സുനിൽകുമാറിനെതിരെ നെട്ടിശ്ശേരി സ്വദേശിയാണ് പരാതി നൽകിയത്. ഇഷ്ടദാനമായി പെരിങ്ങോട്ടുകുറിശി സ്വദേശിനി എഴുതി നൽകിയ 70 സെന്റ് സ്ഥലം ഉദ്യോഗസ്ഥൻ തട്ടിയെടുത്തെന്നും ക്ഷേത്രത്തിലേക്ക് ഭൂമി എഴുതി വെച്ച കാര്യം ബോർഡിനെ അറിയിച്ചിരുന്നില്ലെന്നും വിജിലൻസിൽ നൽകിയ പരാതിയിൽ പറയുന്നു.
കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് ഭൂമിക്കൊള്ള ആരോപണം ഉടലെടുക്കുന്നത്. 2017ലാണ് സംഭവം. പെരിങ്ങോട്ടുകുറിശി സ്വദേശിനി റിട്ടയേഡ് അധ്യാപിക എ. കുഞ്ഞിക്കാവു അമ്മ, ഇഷ്ടദാനമായി ക്ഷേത്രവികസനത്തിന് 70 സെന്റ് ഭൂമിയും പുരയിടവും ദേവസ്വത്തിന് ഒസ്യത്തായി എഴുതി നൽകിയിരുന്നു. ഏകദേശം 45 ലക്ഷം രൂപയാണ് വിപണിവില. മരണശേഷം ഭൂമി വിറ്റ് വില്വാദ്രിനാഥ ക്ഷേത്രം നവീകരിക്കണമെന്നായിരുന്നു ഒസ്യത്ത്. എന്നാൽ, 2023ൽ വയോധികയുടെ മരണശേഷം ഭൂമി സ്വന്തം പേരിലാക്കി ഉദ്യോഗസ്ഥൻ നികുതി അടച്ചെന്നാണ് പരാതി. ഇഷ്ടദാനമായി ഭൂമി കിട്ടിയ വിവരം ദേവസ്വം ബോർഡിനെ അറിയിച്ചില്ലെന്നും പരാതിയിൽ പറയുന്നു. നിലവിൽ കൊച്ചിൻ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറാണ് സുനിൽകുമാർ.
സാമ്പത്തിക പ്രതിസന്ധി ക്ഷേത്രത്തെ അലട്ടുന്ന ഘട്ടത്തിലാണ് ഇഷ്ടദാനമായി ഭൂമി നൽകിയ വിവരം പുറത്തുവരുന്നത്. പിന്നാലെ പരാതിക്കാരൻ വിവരാവകാശം വെച്ചാണ് ഒസ്യത്ത് ഉൾപ്പെയുള്ള രേഖയെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് എറണാകുളം റേഞ്ച് പോലീസ് സൂപ്രണ്ടിന് പരാതി നൽകിയത്. വിഷയത്തിൽ ദേവസ്വം പ്രതികരിച്ചിട്ടില്ല.