
കോഴിക്കോട്: കോഴിക്കോട് പുതിയ കടവിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കർണാടക സ്വദേശികളായ രണ്ട് പേർ പൊലീസ് പിടിയിലായിട്ടുണ്ട്. നാട്ടുകാർ ഇവരെ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചവരുടെ പിന്നാലെ മറ്റ് കുട്ടികൾ ഓടുന്ന ദൃശ്യങ്ങളും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിട്ടുണ്ട്.
അവനെ പിടിച്ച് പൊക്കി ചാക്കിലിടാൻ നോക്കി. അപ്പോ നമ്മള് വിട്, വിട് എന്ന് പറഞ്ഞ് കല്ലൊക്കെ എടുത്തെറിഞ്ഞ്. അപ്പോ ആയമ്മ അവിടെ വിട്ടിട്ട് ഓടി. അപ്പോഴത്തേക്കും ആൾക്കാരെ കൂട്ടി വന്ന് അവരെ പിടിച്ചു. ഒരു പോലീസ് വണ്ടി അവിടെ നിക്കുന്നത് കണ്ട് ഞാനോടിപ്പോയി അവരോട് പറഞ്ഞ്. അവർ വന്ന് പിടിച്ചുകൊണ്ടുപോയി. സംഭവത്തിന്റെ ദൃക്സാക്ഷിയായ കുട്ടിയുടെ വാക്കുകളിങ്ങനെ. തന്നെ പിടിച്ച് ചാക്കിലിടാൻ ശ്രമിച്ചെന്ന് സംഭവത്തിനിരയായ കുട്ടിയും പ്രതികരിച്ചു.
പാഴ്വസ്തുക്കൾ ശേഖരിച്ചു നടക്കുന്ന രണ്ട് പേരാണ് സംഭവത്തിൽ ഇപ്പോൾ വെള്ളയിൽ പൊലീസിന്റെ പിടിയിലുള്ളത്. ഇവർ മദ്യപിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കുന്നു. ശ്രീനിവാസൻ, ലക്ഷ്മി എന്നീ രണ്ട് പേർ കർണാടക സ്വദേശികളാണ്. ഇന്ന് 12 മണിയോടെ പുതിയ കടവ് എന്ന സ്ഥലത്ത് വെച്ചാണ് സംഭവം നടന്നത്. കുട്ടികൾ കളിക്കുമ്പോഴാണ് ഇവർ ഇതുവഴി പോകുന്നത്. 7 വയസുകാരനായ കുട്ടിയെ ചാക്കിലേക്ക് ഇടാൻ ശ്രമിച്ചെന്നാണ് കുട്ടികൾ പറയുന്നത്. പിന്നാലെ മറ്റ് കുട്ടികൾ ബഹളമുണ്ടാക്കി. ഒരു കിലോമീറ്ററോളം പിന്നാലെ ഓടിയതിന് ശേഷം ഇവരെ പൊലീസെത്തി പിടികൂടുകയായിരുന്നു. കുട്ടികളുടെ പരാതിയാണ് ഇപ്പോൾ പൊലീസിന്റെയും നാട്ടുകാരുടെയും മുന്നിലുള്ളത്. സംഭവത്തിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്നും പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam