
കൊച്ചി: ചായപ്പൊടിയില്‍ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി. കൊച്ചിയിലെ കോണ്‍ഗ്രസ് നേതാവ് എൻ. വേണുഗോപാല്‍ വാങ്ങിയ ചായപ്പൊടിയിലാണ് പല്ലിയെ കണ്ടത്. സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് ഇദ്ദേഹം പരാതി നല്‍കി. പായ്ക്കറ്റ് പരിശോധിച്ച ശേഷമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ എന്ന് ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് കമ്പനി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് എൻ. വേണുഗോപാല്‍ കൊച്ചി പനമ്പള്ളി നഗറിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് താജ്മഹല്‍ ബ്രാൻഡിലുള്ള ചായപ്പൊടി വാങ്ങിയത്. വീട്ടിലെത്തി ഭാര്യ ശശികല പാക്കറ്റ് പൊട്ടിച്ചപ്പോൾ പല്ലിയെ കാണുകയായിരുന്നു. ഉടൻ തന്നെ താജ്മഹല്‍ ചായപ്പൊടിയുടെ നിര്‍മ്മാതാക്കള്‍ക്ക് പരാതി നല്‍കി. ചായപ്പൊടിയുടെ വിതരണക്കാര്‍ കഴിഞ്ഞ ദിവസം വേണുഗോപാലിന്‍റെ വീട്ടിലെത്തി. പായ്ക്കറ്റ് തങ്ങള്‍ക്കും നല്‍കണമെന്നും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പായ്ക്കറ്റ് നല്‍കാൻ വീട്ടുകാര്‍ തയ്യാറായില്ല.
ഇതിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് പരാതിയും നല്‍കി. ഉദ്യോഗസ്ഥരെത്തി സാമ്പിൾ സീല്‍ ചെയ്ത് കൊണ്ടുപോയി. അതേസമയം, ചായപ്പൊടി പായ്ക്കറ്റ് തയ്യാറാക്കുന്നത് സ്റ്റേറ്റ് ഓഫ് ആർട്ട് എന്ന പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ചാണെന്നും പുറത്ത് നിന്നുമൊരു വസ്തു പായ്ക്കറ്റിൽ വരാൻ സാധ്യതയില്ലെന്നുമാണ് ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ വിശദീകരണം. കൂടുതൽ അന്വേഷണത്തിനായി പായ്ക്കറ്റ് കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും കമ്പനി അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam