
ഇടുക്കി: ജില്ലയിൽ 1000 പേർക്ക് കൂടി പട്ടയം നൽകുന്നു. തിങ്കളാഴ്ച തൊടുപുഴയിൽ നടക്കുന്ന മേളയിൽ റവന്യൂമന്ത്രി പട്ടയങ്ങൾ വിതരണം ചെയ്യും. ഹൈറേഞ്ചിലും ലോറേഞ്ചിലും ഉള്ളവർക്ക് ഇത്തവണ പട്ടയം നൽകുന്നുണ്ട്.
ഇടുക്കിയിലെ കുടിയേറ്റ കർഷകരുടെ പട്ടയം എന്ന ചിരകാല സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. 1950കളില്‍ ഗ്രോ മോർ ഫുഡ് പദ്ധതിയുടെ ഭാഗമായി ഇടുക്കിയിൽ കുടിയേറിയ കര്‍ഷകര്‍ക്കായി 1964ലെ ഭൂമി പതിവ് ചട്ടപ്രകാരവും 93ലെ വനഭൂമി കുടിയേറ്റ നയങ്ങൾ പ്രകാരവും പട്ടയം നൽകിയിരുന്നു. എന്നാൽ വനമേഖലയോട് ചേര്‍ന്നതും ജണ്ടയ്ക്ക് പുറത്തുള്ളതുമായ കുടുംബങ്ങൾക്ക് പട്ടയം കിട്ടിയിരുന്നില്ല. വനം-റവന്യു വകുപ്പുകളുടെ സംയുക്ത പട്ടികയിൽ ഉൾപ്പെടാതെ പോയതിനാലായിരുന്നു ഇത്. നിയമത്തിൽ ഭേദഗതി വരുത്തി റവന്യൂഭൂമിയാക്കി മാറ്റിയ ഇവിടങ്ങളിൽ അരനൂറ്റാണ്ടിനിപ്പുറം പട്ടയം നൽകുകയാണ്.
നിയമഭേദഗതിയിലൂടെ കുടിയേറ്റ കർഷകർക്കൊപ്പം ആദിവാസി സെറ്റില്‍മെന്റുകളിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ കുടുംബങ്ങൾക്കും പട്ടയം നൽകും. കട്ടപ്പനയിലാണ് ഇത്തവണ കൂടുതൽ പട്ടയങ്ങൾ. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം അഞ്ചാമത്തെ തവണയാണ് ഇടുക്കിക്കാർക്ക് പട്ടയം അനുവദിക്കുന്നത്. നിയമഭേദഗതി ജില്ലയിലെ എല്ലാ തലൂക്കുകളിലേക്കും വ്യാപിപ്പിച്ച് നാല് മാസത്തിനുള്ളിൽ മെഗാപട്ടയമേള സംഘടിപ്പിക്കാനും ആലോചനയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam