റാങ്ക് നിർണയത്തിലെ അപാകത; കേരളസിലബസില്‍ പഠിച്ചവർ എഞ്ചിനിയറിങ്ങ് പ്രവേശനപരീക്ഷയില്‍ പിന്തള്ളപ്പെട്ടെന്ന് പരാതി

By Web TeamFirst Published Oct 9, 2021, 9:51 AM IST
Highlights

എൻട്രൻസ് പരീക്ഷയിൽ ഒരേ മാർക്ക് കിട്ടിയിട്ടും കേരള സിലബസിൽ പഠിച്ചതുകൊണ്ട് മാത്രം റാങ്ക് ലിസ്റ്റിൽ പിന്തള്ളപ്പെട്ട വിദ്യാർത്ഥികൾ നിരവധിയാണ്...

കാസർഗോഡ്: റാങ്ക് നിര്‍ണ്ണയത്തിലെ അപാകത മൂലം കേരള സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ എഞ്ചിനിയറിങ്ങ് പ്രവേശന പരീക്ഷയില്‍ പിന്തള്ളപ്പെട്ടതായി പരാതി. പ്രവേശന പരീക്ഷയിലെ മാര്‍ക്കിനൊപ്പം പ്ലസ് ടു പരീക്ഷയിലെ ഏകീകരിച്ച മാര്‍ക്കും ചേര്‍ത്ത് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിലെ അപാകതയാണ് കേരള സിലബസിലെ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായത്.

വിവിധ ബോർഡുകളിൽ പരീക്ഷയെഴുതിയവരെ ഒരേ പോലെ പരിഗണിക്കാനാണ് മാർക്ക് ഏകീകരണമെന്ന സംവിധാനം നടപ്പാക്കിയത്. ഫിസിക്സ് കെമിസ്ട്രി, മാത്സ് വിഷയങ്ങളിലെ മാർക്കാണ് പരിഗണിക്കുക. എന്നാൽ 12 ആം ക്ലാസിൽ ലഭിച്ച യഥാർത്ഥ മാർക്കിന് പകരം ഓരോ ബോർഡിലെയും പരീക്ഷകളുടെ നിലവാരവും മാർക്കിംഗ് സ്കീമും കണക്കാക്കി പ്രത്യേക ഫോർമുല പ്രകാരമുള്ള മാർക്ക് ഓരോ വിദ്യാർത്ഥിക്കും നൽകും. ഈ മാർക്കും എൻട്രൻസിൽ കിട്ടുന്ന മാർക്കും 50:50 അനുപാതത്തിൽ കൂട്ടിയുള്ള സ്കോർ പ്രകാരമാണ് എഞ്ചിനിയറിംഗിനുള്ള അന്തിമ റാങ്ക് പട്ടിക തയ്യാറാക്കുന്നത്. കേരള സിലബസിൽ പഠിച്ചവർക്ക് +2വിൽ മുഴുവൻ മാർക്കും കിട്ടിയിട്ടും ഈ രീതി പ്രകാരം 300ൽ 256 മാർക്ക് മാത്രമാണ് കണക്കാക്കിയത്.

എൻട്രൻസ് പരീക്ഷയിൽ ഒരേ മാർക്ക് കിട്ടിയിട്ടും കേരള സിലബസിൽ പഠിച്ചതുകൊണ്ട് മാത്രം റാങ്ക് ലിസ്റ്റിൽ പിന്തള്ളപ്പെട്ട വിദ്യാർത്ഥികൾ നിരവധിയാണ്. കേരള സിലബസിൽ കിട്ടിയ മാർക്ക് വിശ്വാസത്തിലെടുക്കാതെ സിബിഎസ്ഇ അവലംബിച്ച മാർക്ക് നിർണയ രീതിയെ മാത്രം വിശ്വാസത്തിലെടുക്കുന്ന നടപടിയാണ് ഇതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. കേരള സിലബസ് വിദ്യാർത്ഥികൾ പിന്തള്ളപ്പെടാതിരിക്കാനാണ് പരിഷ്കാരം ഏർപ്പെടുത്തിയതെങ്കിലും ഫലത്തിൽ വിദ്യാർത്ഥികൾക്ക് വിനയായിരിക്കുകയാണ് ഈ നടപടി.

click me!