
പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമിവിഷയത്തില്‍ വനം വകുപ്പിനെതിരെ സിപിഎം രംഗത്തെത്തി. കൈവശാവകാശ രേഖ നല്‍കാന്‍ ജില്ലാതല സമിതി തീരുമാനിച്ച 429 കേസുകളില്‍ വിയോജിച്ച മണ്ണാര്‍കാട് ഡിഎഫ്ഒയുടെ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പറഞ്ഞു. അതിനിടെ ജില്ലാ കളക്ടറുടെ പരാതിയില്‍ മണ്ണാര്‍കാട് ഡിഎഫ്ഒയെ തൃശൂരിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു
ആദിവാസി ഭൂമി വിഷയത്തില്‍ പാലക്കാട് ജില്ലാ കളക്ടറും മണ്ണാര്‍കാട് ഡിഎഫ്ഒയും തമ്മില്‍ രണ്ടു വര്‍ഷമായി തുടരുന്ന പോരിലാണ് സിപിഎം വനം വകുപ്പിനെ തള്ളി രംഗത്തെത്തിയത്. മണ്ണാര്‍കാട് റേഞ്ചിന് കീഴില്‍ വരുന്ന അട്ടപ്പാടി ഉള്‍പ്പെടുന്ന വനമേഖലയില്‍ 429 ആദിവാസികളുടെ കൈവശ അവകാശ അപേക്ഷയില്‍ വനം വകുപ്പ് ഉടക്കിട്ടിരുന്നു. ജില്ലാ കളക്ടര്‍ അധ്യക്ഷനായ ജില്ലാ തല സമിതി തീരുമാനമെടുത്തശേഷമായിരുന്നു ഡിഎഫ്ഒയുടെ ഉടക്ക്.
സംയുക്ത പരിശോധന നടത്താതെ കൈവശ രേഖ ഒപ്പിട്ടു നല്‍കില്ലെന്നായിരുന്നു ഡിഎഫ്ഒ കളക്ടറെ അറിയിച്ചത്. എന്നാല്‍ രണ്ടുകൊല്ലത്തിനിടെ എട്ടുതവണ സംയുക്ത പരിശോധനയ്ക്ക് വിളിച്ചിട്ടും വനം വകുപ്പ് തയാറായില്ലെന്ന് കളക്ടറും തിരിച്ചടിച്ചു. റവന്യൂ മന്ത്രിക്ക് കളക്ടര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഡിഎഫ്ഒ ജയപ്രകാശിനെ സ്ഥലം മാറ്റുകയും ചെയ്തു. സിപിഎം കൂടി വനം വകുപ്പിനെതിരെ രംഗത്തെത്തിയതോടെ പുതിയ ഡിഎഫ്ഒ എന്ത് നിലപാടെടുക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam