
ഇടുക്കി : ഇടുക്കിയില്‍ ലൈഫ് പദ്ധതി പ്രകാരം വീടിന് അപേക്ഷിച്ചവരില്‍ അര്‍ഹരായവർ പടിക്കു പുറത്ത്. അപേക്ഷ പരിഗണിച്ച ഉദ്യോഗസ്ഥരുടെ അശ്രദ്ധമൂലം അടിമാലി ബ്ലോക്കില്‍ മാത്രം 119 അര്‍ഹരായ അപേക്ഷകളാണ് അവഗണിക്കപ്പെട്ടത്. ഏറ്റവുമധികം പരിഗണന കൊടുക്കേണ്ട വിധവകളും രോഗികളും അടക്കം ഉള്ളവരുടെ അപേക്ഷയാണ് വണ്ണപ്പുറം പഞ്ചായത്തില്‍ തള്ളിയത്
വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയകുടി സ്വദേശി വിധവയായ കാവുംപറമ്പില്‍ സാവിത്രി പ്രതീക്ഷയിലായിരുന്നു. അടച്ചുറപ്പുള്ള ഒരു വീട് യാഥാർഥ്യം ആകുമെന്ന പ്രതീക്ഷയിൽ . അടച്ചുറപ്പുള്ള വീട് എന്നും ഒരു സ്വപ്നം ആയിരുന്നു. എന്നാൽ പട്ടിക വന്നപ്പോൾ എല്ലാ പ്രതീക്ഷകളും അസ്ഥാനത്തായി. ലൈഫില്‍ സാവിത്രിയില്ല . ഇനിയും പ്ലാസ്റ്റിക് ഷീറ്റിനുള്ളിലെ വീട്ടില്‍ കഴിയേണ്ടിവരും . സങ്കട കടലിലാണ് ഈ വൃദ്ധ
പട്ടയകുടിയില്‍ തന്നെയുള്ള രോഗിയായ ലീലയുടെയും ഗതി ഇതു തന്നെ. വര്‍ഷം നാലായി അപേക്ഷകള്‍ നല്‍കാൻ തുടങ്ങിയിട്ട്. നിരാശ മാത്രം ഫലം. സാവിത്രിയും ലീലയും മാത്രമല്ല ഇനിയുമുണ്ട് കുറെ പേർ. അര്‍ഹരായവരില്‍ പലരും അവഗണിക്കപ്പെട്ടപ്പോള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മറ്റു ചിലർക്ക് ഒന്നിലധികം വീട് നല്‍കി എന്നതാണ് വേറോരു പരാതി.
പഞ്ചായത്തുകള്‍ അപേക്ഷ തള്ളിയാല്‍ ബ്ലോക്ക് പഞ്ചായത്തില്‍ അപ്പീല്‍ നല്‍കാം. അങ്ങനെ അപ്പീല്‍ നല്‍കിയ അടിമാലി ബ്ലോക്ക് പഞ്ചായത്തിന്‍റെ കാര്യമാണ് ഇനി. അടിമാലി ബൈസന്‍വാലി കൊന്നത്തടി, പള്ളിവാസൽ , വെള്ളത്തൂവല്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ 119 പേരുടെ അപ്പീല്‍ പഞ്ചായത്ത് ഓണ്‍ലൈനില്‍ കയറ്റിയില്ല. ഫലം അർഹരായ ഇവരെല്ലാം പുറത്ത്. മിക്കവരും അഞ്ചു സെന്‍റില്‍ താഴെ ഭൂമിയുള്ള ആദിവാസികളും വിധവകളും രോഗികളും. ഉദ്യോഗസ്ഥരുടെ അശ്രദ്ധ ആണ് വീഴ്ചക്ക് കാരണമെന്നു പറഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് കൈ കഴുകുന്നു.
ഓണ്‍ലൈനില്‍ അപ്പില്‍ എത്തിയില്ലെങ്കില്‍ ഒന്നും ചെയ്യാനാവില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റ വിശദീകരണം. മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമാണ് വീട് നല്‍കുന്നതെന്നും ഇവര്‍ കൂട്ടിചേര്‍ക്കുന്നു
പ്ലാസ്റ്റീക് ഷിറ്റിനടിയില്‍ കഴിയുന്ന വിധവകളെയും രോഗികളെയും പോലും പരിഗണിക്കാത്ത എന്തു മാനദണ്ഡമെന്ന ചോദ്യത്തിന് ഉത്തരമില്ല. അർഹർ എങ്കില്‍ ഗ്രാമ സഭകള്‍ക്ക് ഇനിയും തീരുമാനമെടുക്കാന്‍ സമയമുണ്ടെന്ന് മാത്രമാണ് മറുപടി