ഇടുക്കി: മൂന്നാറിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ സമ്പൂർണ ലോക്ഡൗൺ. നിർദ്ദേശം ലംഘിച്ച് കുട്ടികൾ പുറത്തിറങ്ങിയാൽ മാതാപിതാക്കൾക്ക് എതിരെ കേസെടുക്കും. നിരോധനാജ്ഞ ലംഘിച്ച് ആളുകൾ പുറത്തിറങ്ങുന്ന് പതിവായതോടെയാണ് ജില്ലഭരണകൂടത്തിന്‍റെ കർശന നടപടി.
അവശ്യ സാധനങ്ങളെല്ലാം ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് മുന്പ് സാമൂഹ്യ അകലം പാലിച്ച് വാങ്ങണം. അതിന് ശേഷം മാർച്ച് 16 വരെ മെഡിക്കൽ സ്റ്റോറും പെട്രോൾ പമ്പുകളും ഒഴിച്ചുള്ള വ്യാപാര സ്ഥാപനങ്ങളൊന്നും തുറക്കില്ല.
നിരോധനാജ്ഞ ഏർപ്പെടുത്തി രണ്ടാഴ്ചയായിട്ടും മൂന്നാറിൽ തിരക്കിന് കുറവില്ല. പൊലീസ് പലതവണ മുന്നറിയിപ്പ് നൽകി. പക്ഷേ എല്ലാവരും പറയുന്നത് ഒരേകാര്യം. അവശ്യസാധനങ്ങൾ വാങ്ങണം. പുറത്തിറങ്ങുന്ന എല്ലാവരെയും പരിശോധിക്കുക ബുദ്ധിമുട്ടായതോടെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്.
തോട്ടം തൊഴിലാളികൾക്ക് അവശ്യസാധനങ്ങൾ എസ്റ്റേറ്റുകളിലെ കടകളിൽ നിന്ന് വാങ്ങാൻ ക്രമീകരണം ഏർപ്പെടുത്തി. പച്ചക്കറി പോലെ കേടുവരാൻ സാധ്യതയുള്ള ഭക്ഷ്യവസ്തുക്കൾ രണ്ട് മണിക്ക് മുൻപ് ടൗണിലെ മാർക്കറ്റിൽ നിന്ന് ആവശ്യമുള്ള കടകളിലേക്ക് കൊണ്ടുപോകണം. ഇറച്ചിക്കോഴികൾ നിലവിലുള്ള സ്റ്റോക്ക് തീരുന്നത് വരെ മൂന്നാർ പഞ്ചായത്ത് സെക്രട്ടറിയുടെ നിർദ്ദേശാനുസരണം വിറ്റഴിക്കും.
പ്രായപൂർത്തിയാകാത്തവർ മാത്രമല്ല ലോക്ഡൗണിൽ മുതിർന്ന പൗരന്മാർ പുറത്തിറങ്ങിയാലും വീട്ടുകാർക്ക് എതിരെ കേസെടുക്കും. പൊലീസ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഓരോ വഴികളിലും മണിക്കൂറിൽ ശരാശരി 150 പേർ വരെ പുറത്തിറങ്ങുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് പൊലീസ്, റവന്യൂ, വ്യാപാരികൾ എന്നിവരുമായി കൂടിയാലോചിച്ചാണ് ജില്ലഭരണകൂടം സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam