
തൃശ്ശൂർ: അന്തർ സംസ്ഥാന പാതയായ ആനമല റോഡിൽ വാഴച്ചാൽ മുതൽ മലക്കപ്പാറ വരെ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം. ആനക്കയത്തിനടുത്ത് കുമ്മാട്ടിയിൽ കലുങ്ക് ഇടിഞ്ഞതിനാൽ കഴിഞ്ഞമാസം 31 മുതൽ ഭാഗികമായി ഗതാഗതം നിരോധിച്ചിരുന്നു. നവംബർ പത്താം തീയതിക്കുള്ളിൽ കലുങ്കിന്റെയും, റോഡിന്റെയും നിർമ്മാണം പൂർത്തിയാക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചിരുന്നു. എന്നാൽ സമാന്തരപാത നിർമ്മിക്കുന്നതിനായി മരം മുറിക്കുന്നതിനും, റോഡ് പണിക്കുള്ള മെറ്റീരിയൽസും യന്ത്രങ്ങളും സൂക്ഷിക്കാനും വനം വകുപ്പിൽ നിന്നും അനുവാദം ലഭിക്കാത്തതിനാൽ പൊതുമരാമത്ത് വകുപ്പിന് നിർമ്മാണം തുടങ്ങുവാൻ സാധിച്ചിട്ടില്ല.
വാഹനങ്ങൾ കടന്നു പോയി കലുങ്കിന്‍റെ അവസ്ഥ വളരെ മോശമായതിനാലാണ് സമ്പൂർണ്ണ ഗതാഗതം നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും വനം വകുപ്പിന്റെ വാഴച്ചാൽ ചെക്ക് പോസ്റ്റ് വരെ യാത്രാനുമതി ഉള്ളൂ. തമിഴ്നാട്ടിൽ നിന്നും വരുന്ന വാഹനങ്ങൾ മലക്കപ്പാറ ചെക്ക് പോസ്റ്റിലും തടയും. വനം വകുപ്പ് അനുമതി നൽകിയാൽ റോഡിന്‍റെ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. മരം മുറിക്കുന്നതിനും മെറ്റീരിയൽസും യന്ത്രസാമഗ്രഹികളും സൂക്ഷിക്കുന്നതിനുള്ള അനുമതിക്കായുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് വാഴച്ചാൽ ഡിഎഫ്ഒ സുരേഷ് ബാബു ഐഎസ് അറിയിച്ചു.