
കോഴിക്കോട്: ട്രെയിനില്‍ വെച്ച് കൊയിലാണ്ടി സ്വദേശിയുടെ അരക്കോടി രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന അന്തര്‍ സംസ്ഥാന മോഷണ സംഘം ഇരുപത്തിനാലു മണിക്കൂറിനകം കോഴിക്കോട് റയില്‍വേ പൊലീസിന്‍റെ പിടിയിലായി.സാസി മോഷണ സംഘത്തില്‍ പെട്ട നാല് ഹരിയാന സ്വദേശികളാണ് പിടിയിലായത്. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളും ഇവരില്‍ നിന്നും കണ്ടെടുത്തു. ചെന്നൈ മംഗലൂരു സൂപര്‍ ഫാസ്റ്റ് എക്സപ്രസില്‍ വെച്ചാണ് അതിവിദഗ്ധമായ കവര്‍ച്ച നടന്നത്. കൊയിലാണ്ടി സ്വദേശികള്‍ വിവാഹ ആവശ്യത്തിനായിചെന്നൈയില്‍ നിന്നും സ്വര്‍ണ വജ്രാഭരണങ്ങള്‍ വാങ്ങി നാട്ടിലേക്ക് വരുന്നതിടയിലായിരുന്നു കവര്‍ച്ച.14ാം തീയതി രാവിലെ കൊയിലാണ്ടിയില്‍ ട്രെയിന്‍ ഇറങ്ങുമ്പോള്‍ ബാഗ് ഇറക്കാനായി എ സി കോച്ചില്‍ കൂടെയുണ്ടായിരുന്നവര്‍ സഹായിച്ചിരുന്നു. വീട്ടിലെത്തി ബാഗ് തുറന്നപ്പോഴാണ് അരക്കോടി രൂപയോളം വിലവരുന്ന ആഭരണങ്ങള്‍ നഷ്ടമായ കാര്യം അറിയുന്നത്. ഉടന്‍ തന്നെ റയില്‍വേ പൊലീസിലും ആര്‍പിഎഫിലും വിവരമറിയിച്ചു.
സിസിടിവി ദൃശ്യങ്ങളും റിസര്‍വേഷന്‍ചാര്‍ട് വിവരങ്ങളും വെച്ച് ആര്‍പിഎഫും റയില്‍വേ പൊലീസും സംയുക്ത അന്വേഷണം തുടങ്ങി. മോഷണം നടന്ന് ഒരു ദിവസം പിന്നിടും മുമ്പ് തന്നെ ട്രെയിനില്‍ വെച്ച് മോഷ്ടാക്കള്‍ക്ക് പിടി വീണു. ഹരിയാന സ്വദേശികളായ രാജേഷ്, ദില്‍ബാഗ്, മനോജ് കുമാര്‍, ജിതേന്ദ്രര്‍ എന്നിവരാണ് പിടിയിലായത്. ഹരിയാനയിലെ സാസി ഗ്യാങ്ങില്‍ പെട്ട മോഷ്ടാക്കളാണിവരെന്ന് റയില്‍വേ പൊലീസ് പറഞ്ഞു. പ്രതി രാജേഷ് ഹരിയാന പൊലീസില്‍ നിന്നും പിരിച്ചു വിട്ടയാളാണ്.
എസി കോച്ചുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് അതി വിദഗ്ധമായി മോഷണം നടത്തിയ ശേഷം മുങ്ങുന്നതാണ് ഇവരുടെ പതിവ്. നിമിഷങ്ങള്‍ക്കുള്ളില്‍ മോഷണം നടത്തി രക്ഷപ്പെടാന്‍ വിദഗ്ധരാണിവര്‍. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ ആളുകള്‍ കവര്‍ച്ചയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാവുകയുള്ളൂ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam