കെഎസ്ആർടിസിയില്‍ അഴിച്ചുപണി; ഡയറക്ടർ ബോർഡിൽ രാഷ്ട്രീയക്കാരെ പൂർണ്ണമായും ഒഴിവാക്കുന്നു

By Web TeamFirst Published Jun 27, 2021, 12:52 PM IST
Highlights

മികവ് തെളിയിച്ച പ്രൊഫഷണലുകൾ മാത്രം ബോർഡിൽ മതിയെന്ന് സർക്കാർ തീരുമാനിച്ചു. ബോർഡിനെ ലാഭകരമാക്കുന്നതിനാണ് നടപടിയെന്ന് മന്ത്രി ആന്റണി രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഡയറക്ടർ ബോർഡിൽ നിന്ന് രാഷ്ട്രീയക്കാരെ പൂർണ്ണമായും ഒഴിവാക്കുന്നു. മികവ് തെളിയിച്ച പ്രൊഫഷണലുകൾ മാത്രം ബോർഡിൽ മതിയെന്ന് സർക്കാർ തീരുമാനിച്ചു. ബോർഡിനെ ലാഭകരമാക്കുന്നതിനാണ് നടപടിയെന്ന് മന്ത്രി ആന്റണി രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കെഎസ്ആർടിസിയുടെ തലപ്പത്ത് തന്നെ വലിയ മാറ്റം നടത്തുകയാണ്. ആർ ബാലകൃഷ്ണപിള്ള ഗതാഗതമന്ത്രിയായിരുന്നപ്പോഴാണ് രാഷ്ട്രീയനേതാക്കളെക്കൂടി ബോ‍ർഡിൽ ഉൾപ്പെടുത്തിയത്. പിന്നീട് എണ്ണം കൂട്ടി. ഇപ്പോൾ ഉള്ള പതിനഞ്ച് അംഗങ്ങളുള്ള ഡയറക്ടർ ബോർഡില്‍ എട്ടുപേർ രാഷ്ട്രീയപാർട്ടികളുടെ നോമിനികളായിരുന്നു. ഇവരെ ഒഴിവാക്കി പ്രൊഫഷണലുകൾ മാത്രം മതിയെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. സുശീൽ കുമാർ ഖന്ന റിപ്പോർട്ടിലും ഇക്കാര്യം നിർദ്ദേശിച്ചിരുന്നു.

നഷ്ടം നികത്താൻ മറ്റ് വരുമാനമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി പെട്രോൾ പമ്പുകൾ തുടങ്ങുകയാണ്. എട്ട് പെട്രോൾ പമ്പുകൾ ആഗസ്റ്റ് 15ന് മുൻപ് തുടങ്ങും. ബസുകളിൽ പ്രകൃതിവാതക ഇന്ധനമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. ഇപ്പോൾ തുടങ്ങിയ സിറ്റി സർക്കുലർ സർവ്വീസുകൾ വ്യാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

click me!