14 കോടിയുടെ മരം മുറിച്ചെന്ന് വനം വിജിലൻസ് റിപ്പോർട്ട്: അറിയില്ലെന്ന് റവന്യുമന്ത്രി കെ രാജൻ

By Web TeamFirst Published Jun 27, 2021, 11:51 AM IST
Highlights

ഓരോ വകുപ്പും പ്രത്യേകം പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപിച്ചത് സമഗ്ര അന്വേഷണം ആണ്. അതിന്‍റെ റിപ്പോര്‍ട്ട് വരട്ടെ എന്നും റവന്യു മന്ത്രി 

തൃശൂര്‍: വിവാദ ഉത്തരവിന്‍റെ മറവിൽ സംസ്ഥാനത്ത്  14 കോടി രൂപ വിലമതിക്കുന്ന മരങ്ങൾ മുറിച്ച് മാറ്റിയിട്ടുണ്ടെന്ന വനം വിജിലൻസ് റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്ന് റവന്യു മന്ത്രി കെ രാജൻ. അങ്ങനെ ഒരു റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നിൽ വന്നിട്ടില്ല. ഓരോ വകുപ്പും പ്രത്യേകം പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപിച്ചത് സമഗ്ര അന്വേഷണം ആണ്. അതിന്‍റെ റിപ്പോര്‍ട്ട് വരട്ടെ എന്നും റവന്യു മന്ത്രി തൃശൂരിൽ പറഞ്ഞു. 

സംസ്ഥാനത്ത് നടന്ന അനധികൃത മരംമുറിയുടെ വ്യാപ്തി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് വനം വിജിലൻസ് സമര്‍പ്പിച്ചിട്ടുള്ളത്. 14 കോടിയുടെ മരങ്ങൾ മുറിച്ചുവെനാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പട്ടയ റവന്യൂ ഭൂമിയിൽ നിന്നാണ് മുറിച്ചത്. തേക്ക് മരങ്ങളാണ് കൂടുതൽ മുറിച്ചത്. പട്ടയ നിബന്ധങ്ങൾക്ക് വിരുദ്ധമായി മരം മുറിച്ച് കടത്തിയതെന്നും എട്ടര കോടിയുടെ മരം തിരിച്ചു പിടിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതെ കുറിച്ചാണ് റവന്യു മന്ത്രിയുടെ പ്രതികരണം.

വയനാട്ടിലെ റവന്യു ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വയനാട്, ഇടുക്കി, തൃശൂർ, എറണാകുളം ജില്ലകളിലാണ് വ്യാപക മരംമുറിയുണ്ടായത്. വയനാട്ടിൽ വനം വകുപ്പ് അനുവദിക്കാത്ത സ്ഥലങ്ങളിലും മരം മുറി നടന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ പാസ് അനുവദിച്ചിട്ടില്ലെന്നും റവന്യൂ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാസ് അനുവദിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അനധികൃത മരംമുറിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും വനം വിജിലൻസ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. പട്ടയം നൽകുമ്പോൾ ഭൂമിയുളള മരങ്ങളുടെ പട്ടിക വനം വകുപ്പിന് നൽകണമെന്നും ശുപാർശയുണ്ട്. നിലവിൽ മരം രജിസ്റ്റർ വനം വകുപ്പിന്റെ കൈവശമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കണം. വിജിലൻസ് പിസിസിഎഫ് ഗംഗാ സിംങ്ങാണ് റിപ്പോർട്ട് നൽകിയത്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!