
കൊച്ചി: ബ്രഹ്മപുരത്തെ ബയോമൈനിംഗിൽ കരാർ കമ്പനിക്ക് ഗുരുതര വീഴ്ച. തരംതിരിച്ച ശേഷം കൊണ്ടുപോകേണ്ട പ്ലാസ്റ്റിക് മാലിന്യം കരാർ കമ്പനി മാറ്റിയില്ല. ബ്രഹ്മപുരത്ത് ബയോമൈനിംഗ് ശരിയായി നടന്നിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിരുന്നു. ബയോംമൈനിംഗിൽ മുൻപരിചയമില്ലാതെയാണ് സോൺട ഇൻഫ്രാടെക്ക് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിലെ കരാർ ഏറ്റെടുത്തത്. ബ്രഹ്മപുരത്തെ പ്രവർത്തനം തുടങ്ങിയ ശേഷവും കമ്പനിയുടെ പ്രവർത്തികളിൽ പരാതികൾ ഉയർന്നിരുന്നു. ഏറ്റവുമൊടുവിൽ ജനുവരിയിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിലും ശരിയായ രീതിയിലല്ല ബയോമൈനിംഗ് എന്ന് കണ്ടെത്തിയിരുന്നു. 11 കോടി രൂപയോളം കരാർ വഴി കിട്ടിയെങ്കിലും 25 ശതമാനം ബയോമൈനിംഗ് മാത്രമാണ് കമ്പനി പൂർത്തിയാക്കിയത്.
ബ്രഹ്മപുരത്തെ വിഷപ്പുകയിൽ കൊച്ചി മുങ്ങുമ്പോൾ കമ്പനിക്ക് നേരെ ഉയരുന്ന പ്രധാന ആരോപണങ്ങൾ ഇവയാണ് -
1.സമയബന്ധിതമായി മാലിന്യം സംസ്കരിച്ചില്ല
2.തരംതിരിച്ച മാലിന്യം നീക്കം ചെയ്തില്ല
3.ആർഡിഎഫ് കത്തിയത് വിഷപുക ഉയർത്തി
4.ബയോമൈനിംഗ് ശരിയായ രീതിയിലല്ല
5.അഗ്നിരക്ഷാ സംവിധാനങ്ങൾ പ്രവർത്തിച്ചില്ല
ബ്രഹ്മപുരത്തെ ആകെ പ്ലാസ്റ്റിക്ക് മാലിന്യം 5,51,903മെട്രിക്ക് ക്യൂബാണെന്നാണ് കണക്ക്. ഇതുവരെ സംസ്കരിച്ചത് 1,26,621മെട്രിക്ക് ക്യൂബ് മാലിന്യമാണ്. 2022 ജനുവരി മുതൽ 2022സെപ്റ്റംബർ വരെയായിരുന്നു ബയോമൈനിംഗിനുള്ള കാലാവധി. ഈ കാലയളവിൽ ആകെ നടന്നതാകട്ടെ 25 ശതമാനം ബയോൈമനിംഗ് മാത്രവും.
ബ്രഹ്മപുരത്തെ മാലിന്യപ്ലാൻറിൽ തള്ളിയ ലക്ഷക്കണക്കിന് ടൺ പ്ലാസ്റ്റിക്ക് മാലിന്യം കൊച്ചി കടത്താൻ കണ്ടെത്തിയ വഴിയാണ് ബയോമൈനിംഗ്. ദേശീയ ഹരിത ട്രൈബ്യൂണലിൻറെ ഇടപെടലും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് കൊച്ചി കോർപ്പറേഷനെ നിർബന്ധിതരാക്കി. അങ്ങനെയാണ് കെഎസ്ഐഡിസി കരാർ ക്ഷണിക്കുന്നതും 2020ൽ സോൺട ഇൻഫ്രാടെക്കിൻറെ കടന്നുവരവും കരാറിൽ പങ്കെടുക്കുമ്പോഴും കമ്പനിയുടെ പ്രവൃത്തി പരിചയം പ്ലാസ്റ്റിംഗ് കുഴിച്ചുമൂടുന്ന ക്യാപിംഗിലായിരുന്നു.ബയോമൈനിംഗ് പരിചയമില്ലാതിരുന്നിട്ടും സോൺട ഇൻഫ്രാടെക്കിന് കരാർ ലഭിച്ചു.ഇതിലും ആരോപണങ്ങളുണ്ട്
ഏറ്റവും ഗൗരവതരം പ്രവർത്തനം തുടങ്ങി ഒരുവർഷം പിന്നിട്ടിട്ടും, കമ്പനി 25ശതമാനം ബയോമൈനിംഗ് നടപടികൾ പൂർത്തിയാക്കി എന്ന് അവകാശപ്പെട്ടിട്ടും 2023 ജനുവരിയിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻറെ ഈ കണ്ടെത്തലാണ്.... പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ തരംതിരിവ് ശരിയായ രീതിയിലല്ല.മെഷീനുകൾ ഉപയോഗിച്ച് തരംതിരിച്ചവയിൽ മണ്ണും കല്ലും മരകഷണങ്ങളും ഉൾപ്പെട്ട മാലിന്യങ്ങളിൽ വീണ്ടും പ്ലാസ്റ്റിക്കുണ്ടെന്നാണ് കണ്ടെത്തൽ. അതായത് ബയോമൈനിംഗ് ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് വ്യക്തം. തരംതിരിച്ച പ്ലാസ്റ്റിക്ക് ഇന്ധനമാക്കാൻ മാറ്റണമെന്നിരിക്കെ അതും കെട്ടി കൂട്ടി മാലിന്യ പ്ലാൻറിൽ തന്നെ തള്ളി. തീപിടുത്തമുണ്ടായപ്പോൾ ഇതു കൂടി കത്തിയുരുകിയതും വിഷപുകയുടെ അളവ് കൂട്ടി. മഴയും ബ്രഹ്മപുരത്തെ മണ്ണിൻറെ ഘടനയും ശരിയായ രീതിയിലുള്ള ബയോമൈനിംഗിന് തടസമായിട്ടുണ്ടെന്നാണ് സോണ്ട ഇൻഫ്രാടെക്കിൻറെ മറുപടി
ബ്രഹ്മപുരത്തെ പുകയണഞ്ഞാലും അഴിമതിയുടെ പുക ചുരുളുകൾ പെട്ടെന്ന് മറയുന്നതല്ല.ഒന്നും രണ്ടുമല്ല 54 കോടിയുടെ കരാറിനെ കുറിച്ച് ഉയരുന്ന ഓരോ ആക്ഷേപങ്ങളിലും കൊച്ചിക്കാരുടെ ശുദ്ധവായുവിൻറെ വിലയുണ്ട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam